എൻ.എസ്.എസ് നിലപാട് നേതാക്കളുടേത് മാത്രം: അഡ്വ.എസ്.സുരേഷ്

Wednesday 08 October 2025 2:46 AM IST

തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടരികെയെത്തി നിൽക്കേ എൻ.എസ്.എസ് സ്വീകരിച്ച ഇടത് അനുകൂല നിലപാട് ബി.ജെ.പിയുടെ പ്രതീക്ഷകൾ കൊട്ടിയടയ്ക്കുന്നില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. ജാതിയുടേയും മതത്തിന്റേയും പേരുപറഞ്ഞ് ഭയപ്പെടുത്തി ബി.ജെ.പിയെ ജനങ്ങളിൽ നിന്ന് അകറ്റിനിറുത്താനാണ് സംസ്ഥാനത്തെ ഇടത് - വലതു മുന്നണി നേതൃത്വം ശ്രമിച്ചുപോകുന്നതെന്നും അത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ തിരക്കിൽ അഡ്വ.എസ്.സുരേഷ് സംസാരിച്ചപ്പോൾ.

?എൻ.എസ്.എസ് നിലപാട് ബി.ജെ.പിയുടെ പരമ്പരാഗത

വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കില്ലേ

ഒരിക്കലുമില്ല.അങ്ങനെ പെട്ടെന്നുണ്ടാകുന്ന വിള്ളലിൽ ഒഴുകിപ്പോകുന്ന വോട്ടല്ല ബി.ജെ.പിക്ക് കേരളത്തിലുള്ളത്. അനുദിനം പെരുകിവരുന്ന വോട്ടിന്റെ ഒഴുക്കാണത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ അത് മനസിലാകും. പല താത്പര്യങ്ങളിൽ, പലതരക്കാരായവർ ദിവസവും ആയിരക്കണക്കിനാണ് പാർട്ടിയിലേക്ക് വരുന്നത്. പറഞ്ഞാൽ വിശ്വസിക്കില്ല. പുതിയ അംഗങ്ങളിൽ പകുതിയോളവും മത ന്യൂനപക്ഷങ്ങളാണ്. ബി.ജെ.പി ക്രിസ്ത്യൻ വിരുദ്ധരാണ്,മുസ്ളീങ്ങളുടെ പേടിസ്വപ്നമാണെന്നൊക്കെ പറഞ്ഞാൽ ഇപ്പോൾ അധികമാരും വിശ്വസിക്കില്ല. ഇതിനെല്ലാം പുറമെ, പാർട്ടിക്കൊപ്പം എക്കാലത്തും ഉറച്ചുനിന്നവരാണ് നായർ സമുദായം. അത് വെറും സമുദായ താത്പര്യം വച്ചുകൊണ്ടല്ല. അതുകൊണ്ടുതന്നെ എത്ര കരുത്തനായ നേതാവ് പറഞ്ഞാലും അവർ മാറില്ല.

? പക്ഷേ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി

പറഞ്ഞത് ബി.ജെ.പിയെ വിശ്വസിക്കാനാകില്ലെന്നാണ്.

ഇന്നാട്ടിൽ ബി.ജെ.പിയേയും സംഘപ്രസ്ഥാനങ്ങളേയും വിശ്വസിക്കാനായില്ലെങ്കിൽ പിന്നാരെയാണ് വിശ്വസിക്കാനാകുക. പൗരത്വം,കാശ്മീർ,രാമജന്മഭൂമി,മുത്തലാഖ് തുടങ്ങി പതിറ്റാണ്ടുകളായി പറഞ്ഞുവരുന്ന നിലപാടുകളിൽ എപ്പോഴെങ്കിലും വെള്ളം ചേർത്തിട്ടുണ്ടോ,എവിടെയെങ്കിലും എന്തെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിട്ടുണ്ടോ, ഒരിക്കലുമില്ല. പറഞ്ഞത് എത്ര വൈകിയായാലും ചെയ്തിരിക്കും. മുന്നാക്ക സമുദായത്തിന് പത്തുശതമാനം സംവരണം നൽകിയത് ഉൾപ്പെടെ അതിന് ഉദാഹരണമാണ്. പിന്നെ എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും മറ്റ് സമുദായ സംഘടനകൾക്കും അവരുടെ നിലപാട് സ്വതന്ത്രമായി എടുക്കാം.

? തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കം എവിടെവരെയെത്തി

ഇലക്ഷനിലേക്കുള്ള കൗണ്ട്ഡൗണിലാണ് ബി.ജെ.പി ഇപ്പോഴെന്ന് പറയാം. വ്യക്തമായി പറഞ്ഞാൽ ഇലക്ഷൻ പ്രഖ്യാപിക്കുന്ന ദിവസത്തിലേക്കുള്ള കൗണ്ട് ഡൗൺ. കഴിഞ്ഞ ആറുമാസമായി പാർട്ടി അതിനു പിറകെയാണ്. അതിന്റെ ഭാഗമായി രണ്ടുവട്ടം അമിത്ഷാ കേരളത്തിലെത്തി. കഴിഞ്ഞ ദിവസം ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുമെത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ അത് തിരഞ്ഞെടുപ്പ് മോഡിലേക്ക് മാറും.

? തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ എങ്ങനെ

കഴിഞ്ഞ തവണ കിട്ടിയതിന്റെ മൂന്നിരട്ടിയിലേറെ സീറ്റുകൾ നേടും. ഒന്നിലേറെ കോർപ്പറേഷനുകളിൽ ഭരണം നേടും. മുനിസിപ്പാലിറ്റികളിൽ പലതിലും ഭരണം നേടും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയായിരിക്കും ബി.ജെ.പിക്ക് തദ്ദേശ തിരഞ്ഞെടുപ്പ്.