കരൂ‌ർ ദുരന്തം മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് വിജയ്

Wednesday 08 October 2025 2:04 AM IST

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ടി.വി.കെ പ്രസിഡന്റ് വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചു. അഞ്ച് കുടുംബങ്ങളോടാണ് സംസാരിച്ചത്. വിജയ് ഫോണിൽ വിളിക്കുമെന്ന് ടി.വി.കെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. അപകടമുണ്ടായി ഒമ്പതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. ടി.വി.കെ ജനറൽ സെക്രട്ടറി അരുൺ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിലുണ്ടെന്നാണ് വിവരം. വിജയ് കരൂരിലേക്ക് എന്ന് പോകുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. അതേസമയം കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബി.ജെ.പി നേതാവ് ഉമാ ആനന്ദാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകിയത്.