സമ്പത്തിക തട്ടിപ്പ് ശില്പ ഷെട്ടി ചോദ്യം ചെയ്തു
മുംബയ്: 60 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശില്പ ഷെട്ടിയെ ചോദ്യം ചെയ്ത് മുംബയ് പൊലീസ്. തിങ്കളാഴ്ച അവരുടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഉൾപ്പെടെ അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥർ പറഞ്ഞു. സാമ്പത്തിക ഇടപാടുകളിൽ ശില്പ ഷെട്ടിയുടെ പങ്കിനെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചുമാണ് ചോദ്യം ചെയ്യൽ കേന്ദ്രീകരിച്ചതെന്നും അവർ വ്യക്തമാക്കി.
ബെസ്റ്റ് ഡീൽ ടി.വി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ശില്പ ഷെട്ടി- രാജ് കുന്ദ്ര ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽനിന്ന് 60 കോടി തട്ടിയെടുത്തെന്നായിരുന്നു കേസ്. 2015നും 2023നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ തന്റെ കയ്യിൽ നിന്ന് 60 കോടി വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നായിരുന്നു വ്യവസായി ദീപക് കോത്താരിയുടെ ആരോപണം.നിശ്ചിത സമയത്തിനുള്ളിൽ 12 ശതമാനം വാർഷിക പലിശയോടെ പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നതായും 2016 ഏപ്രിലിൽ ശില്പ ഷെട്ടി രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും കോത്താരി പറയുന്നു. എന്നാൽ ഇതിനു പിന്നാലെ ഏതാനും മാസങ്ങൾക്കുള്ളിൽ ശില്പ ഷെട്ടി സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം രാജിവച്ചു.