ഗ്രാൻഡ് മാസ്റ്ററെ വിസ്മയിപ്പിച്ച് ഭിന്നശേഷിക്കുട്ടികൾ

Wednesday 08 October 2025 3:05 AM IST

തിരുവനന്തപുരം: ഇന്റർനാഷണൽ ഷോട്ടോക്കാൻ ഷോബുകാൻ കരാട്ടെ സംഘടനയുടെ സ്ഥാപകൻ ഗ്രാൻഡ് മാസ്റ്റർ കാൻചോ മസായാ കൊഹാമയെ അദ്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ. കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് കുട്ടികൾ കാൻചോ മസായോയെ അമ്പരപ്പിച്ചത്. ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച കരാട്ടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ബ്ലാക്ക് ബെൽട്ട് നേടിയ ഡൗൺസിൻഡ്രോം വിഭാഗത്തിൽപ്പെട്ട ഡി.എ.സിയിലെ രാഹുൽരാജുമായി ചേർന്ന് കാൻചോ നടത്തിയ സ്വയരക്ഷാമുറകൾ കാണികൾ കരഘോഷത്തോടെ ഏറ്റെടുത്തു. കാൻചോ കുട്ടികൾക്ക് കരാട്ടെയുടെ അടിസ്ഥാന മുറകൾ പരിചയപ്പെടുത്തി. ഡിഫറന്റ് ആർട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് കാൻചോയെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ചടങ്ങിൽ ഫ്യൂജി ഗംഗ ജപ്പാൻ ചാപ്ടർ പ്രസിഡന്റ് ജോജോ അഗസ്റ്റിൻ, ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽനായർ,മാജിക് പ്ലാനറ്റ് മാനേജർ സുനിൽരാജ് സി.കെ എന്നിവർ പങ്കെടുത്തു.