ചൈതന്യാനന്ദയുടെ മുറിയിലേക്ക് വരാൻ യുവതികളെ നിർബന്ധിച്ച് സഹായി; ഓഡിയോ പുറത്ത്

Wednesday 08 October 2025 2:20 AM IST

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദയുടെ സഹായി യുവതികളെ സ്വാമിയുടെ മുറിയിലേക്ക് പോകാൻ നിർബന്ധിക്കുന്നതിന്റെ ഓഡിയോ പുറത്ത്. ചൈതന്യാനന്ദയുടെ സഹായിയായ ശ്വേത ശർമ വിദ്യാർത്ഥിനികളെ നിർബന്ധിക്കുന്നതിന്റെ ഓഡിയോയാണ് ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. ആർത്തവമായതിനാൽ ചൈതന്യാനന്ദയെ കാണാനാവില്ലെന്ന് ഒരു യുവതി പറയുന്നതും ഓഡിയോയിലുണ്ട്. എന്നാൽ ഒഴികഴിവുകൾ പറയരുതെന്നാണ് ഈ യുവതിയോട് ചൈതന്യാനന്ദയുടെ സഹായി ശ്വേത പറയുന്നത്. ഹോട്ടലിന്റെ പേര് അയക്കാമെന്നും അവിടെ പോയി അത്താഴത്തിന് സ്വാമിജിയെ കാണണമെന്നും രാത്രി അവിടെ താമസിക്കണമെന്നുമാണ് ശ്വേത മറ്റൊരു സംഭാഷണത്തിൽ ഒരു യുവതിയോട് പറയുന്നത്. ശരി, മാഡം എന്ന് യുവതി സമ്മതിക്കുന്നുമുണ്ട്. ഡൽഹിയിലെ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ മാനേജ്‌മെന്റ് റിസർച്ചിന്റെ തലവനായ ചൈതന്യാനന്ദയ്‌ക്കെതിരെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനികളാണ് ലൈംഗികാതിക്രമ പരാതി നൽകിയത്. തുടർന്നാണ് കഴിഞ്ഞ മാസം ചൈതന്യാനന്ദ അറസ്റ്റിലായത്. സഹായികളായ മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.