ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഉത്തരാഖണ്ഡ്

Wednesday 08 October 2025 2:24 AM IST

ന്യൂഡൽഹി: മദ്രസ ബോർഡ് പിരിച്ചുവിടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖ്യധാര വിദ്യാഭ്യാസ ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് ഉത്തരാഖണ്ഡ് ഗവർണർ ഗുർമീത് സിംഗ് അംഗീകാരം നൽകി. നിയമം പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്തെ മദ്രസ ബോർഡുകൾ ഇല്ലാതാവും. മദ്രസകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്തരാഖണ്ഡ് സ്‌കൂൾ എജ്യുക്കേഷൻ ബോർഡിൽ അഫിലിയേറ്റ് ചെയ്യുകയും വേണം. ന്യൂനപക്ഷ സമുദായങ്ങളുടെ സ്കൂളുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും ദേശീയ വിദ്യാഭ്യാസ നയവും (എൻ.ഇ.പി 2020) സ്വീകരിക്കണം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കാനുള്ള ചരിത്രപരമായ നീക്കമാണിതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.