പക്ഷിയിടിച്ചു; കൊളംബോ - ചെന്നൈ വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി
Wednesday 08 October 2025 2:31 AM IST
ചെന്നൈ: കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള പറന്ന എയർ ഇന്ത്യയുടെ എ.ഐ 274 വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് പക്ഷിയിടിച്ച വിവരം അധികൃതർ അറിഞ്ഞത്. ഇതോടെ വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 158 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബണ്ഡാരനായകെ വിമാനത്താവളത്തിൽ നിന്ന് എത്തിയ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പരിശോധനയ്ക്കായി റൺവേയിൽ നിന്ന് മാറ്റി. തുടർന്നുള്ള പരിശോധനയിലാണ് എൻജിൻ ബ്ലേഡിൽ തകരാർ കണ്ടെത്തിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. അടുത്തിടെ ഹൈദരാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതോടെ വിശാഖപട്ടണം രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. കൊളംബയിലേക്കുള്ള മടക്കയാത്രയിൽ 137 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി.