പാക് ട്രെയിനിൽ സ്‌ഫോടനം

Wednesday 08 October 2025 6:51 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ട്രെയിനിലുണ്ടായ ‌സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറിൽ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലേക്ക് വരികയായിരുന്ന ജാഫർ എക്‌സ്‌പ്രസിലായിരുന്നു സംഭവം. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുൽത്താൻകോട്ട് മേഖലയിൽ വച്ച് ട്രാക്കിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ട്രെയിനിന്റെ ആറ് കോച്ചുകൾ പാളംതെറ്റി. സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന സായുധ ഗ്രൂപ്പുകളിൽ ഒന്നായ ബലൂച് റിപ്പബ്ലിക് ഗാർഡ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ട്രെയിനിലുണ്ടായിരുന്ന പാക് സൈനികരെയാണ് ലക്ഷ്യമിട്ടതെന്നും ആക്രമണങ്ങൾ തുടരുമെന്നും അവർ പറഞ്ഞു. നിരവധി സൈനികർ കൊല്ലപ്പെട്ടെന്ന് അവർ അവകാശപ്പെട്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.