കല വാർഷികം ബെർക് ഹാംപ്സ്സ്റ്റെഡിൽ; റസൂൽ പൂക്കുട്ടി മുഖ്യാതിഥി
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കലയുടെ 29-ാം വാർഷികം ബെർക് ഹാംപ്സ്സ്റ്റെഡിലെ ബെർക് ഹാംപ്സ്സ്റ്റെഡ് സെന്റിനറി തിയേറ്ററിൽ (HP4 3BG) വച്ച് ഒക്ടോബർ 18ന് നടക്കും. സ്ലംഡോഗ് മില്യണയറിലൂടെ സൗണ്ട് മിക്സിംഗിൽ ഓസ്കാർ അവാർഡ് നേടിയെടുത്ത ഡോ. റസൂൽ പൂക്കുട്ടിയാണ് മുഖ്യാതിഥി. 'സിനിമയിലെ ശബ്ദത്തിന്റെ ലാവണ്യശാസ്ത്രം'” എന്ന മേഖലയിലായിരിക്കും റസൽ പൂക്കുട്ടി സംസാരിക്കുക.
കലയിലെ യുവാക്കൾ അവതരിപ്പിക്കുന്ന “മുച്ചീട്ടു കളിക്കാരന്റെ മകൾ” വൈക്കം മുഹമ്മദ് ബഷീറിനെ ആഘോഷമാക്കുമ്പോൾ “കഥാ വിസ്മയം” എന്ന നൃത്ത പരിപാടി എംടി വാസുദേവൻ നായർ എന്ന അതുല്യ പ്രതിഭയ്ക്കുള്ള ആദരമായി മാറും. കലയിലെ വനിതകൾ അവതരിപ്പിക്കുന്ന “സഞ്ജീവനം”, “ബിന്ദുവിൽ നിന്ന് ബിന്ദുവിലേക്ക്” എന്ന നാടകങ്ങളും ഉണ്ടാകും.
ഡോ. റസൂൽ പൂക്കുട്ടിയുമായുള്ള മുഖാമുഖം, കല അവതരിപ്പിക്കുന്ന ലൈവ് ഓർകസ്ട്രയോടെയുള്ള ഗാനമേള തുടങ്ങിയ സവിശേഷ വിഭവങ്ങൾ രണ്ടാം പകുതി ധന്യമാക്കും. ഉച്ചയ്ക്ക് 2.45ന് തുടങ്ങുന്ന പരിപാടികൾ രാത്രി 10.30 വരെ തുടരും. വിശദ വിവരങ്ങൾ 07782324709 എന്ന നമ്പരിൽ നിന്നോ info@kala.org.uk എന്ന ഇമെയിലിൽ നിന്നോ ലഭിക്കും.