നാട്ടിൽ കിട്ടുന്നതിനേക്കാൾ ഇരട്ടി വില; 'ഒമാൻ കല്ലിന്' കേരളത്തിൽ ആവശ്യക്കാർ ഏറെ, പൊലീസ് പിടിവീണു

Wednesday 08 October 2025 12:51 PM IST

കൊല്ലം: വിദേശത്ത് നിന്ന് കേരളത്തിലെത്തിക്കുന്ന 'ഒമാൻ കല്ല്' എന്ന പേരിൽ അറിയപ്പെടുന്ന എംഡിഎംഎയ്ക്ക് ആവശ്യക്കാർ ഏറുന്നു. മുട്ടയ്ക്കാവിൽ വിൽപനയ്ക്കായി എംഡിഎംഎ വിദേശത്ത് നിന്നെത്തിച്ച സാബൂർ ആറൂഫിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഒമാൻ കല്ലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇയാൾ സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറയുന്നു.

വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവർ വഴിയാണ് ഒമാനിൽ നിന്ന് എംഡിഎംഎ എത്തിക്കുന്നത്. ഇതോടൊപ്പം മറ്റ് ജില്ലകളിലെ എംഡിഎംഎ മൊത്ത വിൽപനക്കാരും വിദേശത്ത് നിന്ന് എംഡിഎംഎ എത്തിക്കുന്നുണ്ട്. അത്തരത്തിൽ വിൽപനക്കാരിയായ ഒരു സ്ത്രീയെ പിടികൂടിയതോടെയാണ് മുട്ടയ്ക്കാവിലെ വിൽപന സംബന്ധിച്ച് വിവരം ലഭിച്ചത്.

ഇതോടെ ഇവർ കുറച്ച് കാലത്തേക്ക് ഒമാനിൽ നിന്നുള്ള എംഡിഎംഎ എത്തിക്കുന്നത് നിർത്തിവച്ചിരുന്നു. ശേഷം ഇവർ ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചുതുടങ്ങിയത്. എംഡിഎംഎ വിൽപനയിൽ നല്ല വരുമാനം ലഭിക്കുന്നതിനാൽ ആഡംബര ജീവിതമാണ് സാബിർ അറൂഫിനെ പോലുള്ളവർ നടത്തുന്നത്. ഇതിനിടെയാണ് പൊലീസ് പിടിവീണത്.