ബൈക്ക് മോഷണം: മോഷ്ടാവ് പിടിയിൽ

Thursday 09 October 2025 1:58 AM IST

വെഞ്ഞാറമൂട്: സ്ഥിരമായി ബൈക്കുകൾ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ.അഞ്ചൽ വടമൺ അഗസ്ത്യകോട് ബിജു വിലാസത്തിൽ വിജിൻ ബിജുവിനെയാണ് (24,അപ്പൂസ്) വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ജനുവരി 22ന് വെമ്പായം ശ്രീവത്സരം ബാറിന് മുന്നിൽ നിന്ന് കൊപ്പം സ്വദേശി ഗോപകുമാറിന്റെ ബൈക്ക് മോഷ്ടിച്ച കേസിലും,നാഗരുകുഴി റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന തേമ്പാമൂട് സ്വദേശി ഷിജുവിന്റെ ബൈക്ക് മോഷ്ടിച്ച കേസിലുമാണ് ഇയാൾ പിടിയിലായത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 8ന് രാത്രി ഇളമ്പത്തട സ്വദേശി സുനിലിന്റെ വീടിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന പാഷൻ പ്ലസ് മോട്ടോർ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോകവെ കടയ്ക്കാവൂർ പൊലീസ് തടഞ്ഞെങ്കിലും പ്രതി വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. അന്ന് ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് ശേഖരിച്ച വിരലടയാളവും, പ്രതിയുടെ വിരലടയാളവും ഒന്നാണെന്ന് വ്യക്തമായിട്ടുണ്ട്. ആ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

മാസ്കും ഹെൽമെറ്റും ധരിച്ച് ജില്ലയിൽ മോഷണം നടത്തുന്ന പ്രതി ഹീറോഹോണ്ട വാഹനങ്ങളാണ് സ്ഥിരമായി മോഷ്ടിക്കുന്നത്.ഇഗ്നീഷ്യൻ പ്ലഗ് ഊരി സ്റ്റാർട്ട് ചെയ്യുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യമുള്ള പ്രതി മോഷണ വാഹനങ്ങൾ കിട്ടുന്ന വിലയ്ക്ക് പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്യും. നാഗരുകുഴിയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് കരമനയിൽ വിൽക്കാൻ ശ്രമിക്കവെയാണ് തൊണ്ടി മുതൽ സഹിതം പ്രതി വലയിലായത്.നൂറനാട്,പേരൂർക്കട,ശ്രീകാര്യം,തമ്പാനൂർ,മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് പ്രതിക്കെതിരെ മുൻപ് കേസുകളുണ്ടായിരുന്നു.ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഇൻസ്‌പെക്ടർ ആസാദ് അബ്ദുൽ കലാം,സബ് ഇൻസ്പെക്ടർ സജിത്ത്,ഷാജി,സി.പി.ഒമാരായ സിയാസ്,ശ്രീകാന്ത്,നജിംഷാ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.