'മീഡിയേഷൻ ഫോർ നേഷൻ' ക്യാമ്പയിൻ.... മദ്ധ്യസ്ഥതയിൽ പരിഹരിക്കാം, തീർപ്പാക്കിയത് 410 കേസുകൾ
കോട്ടയം : കോടതികളിൽ കൃത്യസമയത്ത് വിധി പറയാനാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം കൂടുമ്പോൾ മീഡിയേഷൻ സെന്ററിന്റെ ഇടപെടൽ ഗുണകരമാകുന്നു. ക്രിമിനൽ കേസുകൾ ഒഴികെയുള്ളവ മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള ശ്രമം ഏറെക്കുറെ വിജയം കണ്ടു. 'മീഡിയേഷൻ ഫോർ നേഷൻ' ക്യാമ്പയിനിലൂടെ 410 കേസുകളാണ് തീർപ്പാക്കിയത്. സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റിയും നാഷണൽ ലീഗൽ സർവീസസ് അതോറിട്ടിയും സംയുക്തമായാണ് ക്യാമ്പയിന് തുടക്കമിട്ടത്. വൈവാഹിക തർക്കം, അപകടക്ലെയിം , ഗാർഹിക അതിക്രമം, ചെക്ക് മടങ്ങൽ, വാണിജ്യതർക്കം, സർവീസ് വിഷയം, ഉപഭോക്തൃ തർക്കം, കടം വീണ്ടെടുക്കൽ, വീതംവയ്ക്കൽ, ഒഴിപ്പിക്കൽ, ഭൂമിഏറ്റെടുക്കൽ എന്നിങ്ങനെയുള്ള കേസുകളാണ് പരിഗണിച്ചത്.
ആദ്യം ഉടക്ക് പിന്നെ സൗമ്യം
കടിച്ചുകീറാൻ വന്നവർ പോലും മദ്ധ്യസ്ഥ സംസാരത്തിന് ശേഷം സുഹൃത്തുക്കളായി പിരിഞ്ഞ സംഭവവുമുണ്ട്. പലതവണ സംസാരിച്ചിട്ടും മദ്ധ്യസ്ഥ ശ്രമം പരാജയപ്പെട്ടതും, ക്ഷമ പറഞ്ഞ് കൈകൊടുത്ത് പിരിഞ്ഞ സംഭവങ്ങളുമുണ്ട്. ഇരുകൂട്ടരുമായി സംസാരിച്ച് ധാരണയിലെത്തുകയാണ് ചെയ്യുന്നത്. ഇതിനായി കക്ഷികളിൽ നിന്ന് ഫീസും വാങ്ങില്ല. കക്ഷികളുമായി മീഡയേറ്റർ സംയുക്തമായോ വെവ്വേറെയോ കൂടിക്കാഴ്ച നടത്തും. മീഡിയേഷനിൽ തീർപ്പാക്കുന്ന കേസുകൾക്ക് പിന്നീട് ഒരു കോടതിയിലും അപ്പീൽ അനുവദിക്കില്ല.
പരിഗണിച്ചത് 2121 കേസുകൾ
തീർപ്പാക്കിയത് 410