തിരുവിതാംകൂർ ചരിത്രത്തിൽ പ്രധാന സ്ഥാനം, മാർത്താണ്ഡവർമ്മയെ ശത്രുക്കളിൽ നിന്ന് രക്ഷിച്ച വമ്പൻ പാറയുള്ള ഗുഹാ ക്ഷേത്രമാണിത്
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തായി പഴയ തിരുവിതാംകൂർ രാജ്യത്തിൽ ചരിത്രപരമായി പ്രാധാന്യമുള്ള അത്ര അറിയപ്പെടാത്ത ഒരു ക്ഷേത്രമുണ്ട്. വമ്പനൊരു പാറയുടെ മുകളിലെ ഗുഹയിലാണ് ദ്രവ്യ പാറ എന്ന ഈ ക്ഷേത്രമുള്ളത്. കാട്ടാക്കട താലൂക്കിലെ അമ്പൂരിയിൽ കുട്ടമല എന്നൊരു സ്ഥലമുണ്ട്. അതിമനോഹരമായ മലനിരകൾ നിറഞ്ഞയിടം. ഇവിടെ വാഴിച്ചാൽ ജംഗ്‌ഷനിൽ നിന്ന് മുക്കാൽ കിലോമീറ്ററോളം മുന്നിലായി കുട്ടമല ഗവൺമെന്റ് യുപി സ്‌കൂളുണ്ട്. ഈ സ്‌കൂളിന് മുന്നിൽ നിന്ന് വലത്തേക്ക് ഒരു കിലോമീറ്റർ പോയാൽ 'ദ്രവ്യപാറ ദക്ഷിണാമൂർത്തി ഗുഹാക്ഷേത്രം' എന്ന ആർച്ച് കാണാം. ഈ കമാനം വരെയേ വാഹനം പോകൂ. ശേഷം കാൽകിലോമീറ്ററോളം കുത്തനെയുള്ള കയറ്റമാണ്. നല്ല പ്രകൃതിഭംഗി നിറഞ്ഞ സ്ഥലത്തുകൂടി നടന്ന് എത്തുന്നത് ദ്രവ്യ പാറയുടെ ചുവട്ടിലാണ്.
ആദിവാസി വിഭാഗങ്ങൾ പാർത്തിരുന്ന ഈ പരിസരത്ത് പണ്ട് ആ വിഭാഗക്കാർ വിവാഹത്തിന് സ്വർണം കൈമാറിയിരുന്ന ചടങ്ങിനായി ഇവിടെ ഗുഹാക്ഷേത്ര കവാടത്തിൽ കുളിച്ച് ഈറനായി പായസം വച്ച് വെറ്റിലയും അടക്കയും ചുണ്ണാമ്പുമായി സ്വർണത്തിനായി പ്രാർത്ഥിക്കും. വിവാഹ ആവശ്യങ്ങൾക്കായി ഒരു പ്രത്യേക ദിവസം സ്വർണം വേണമെന്നായിരുന്നു പ്രാർത്ഥിച്ചിരുന്നത്. പിന്നീട് പറഞ്ഞദിവസം കിഴിയിൽ സ്വർണം കണ്ടെത്തും. ഈ സംഭവം അറിഞ്ഞ സ്ഥലത്തെ താമസക്കാരിലൊരാൾ ഒരു ദേവതയാണ് ഇതുചെയ്യുന്നതെന്ന് കണ്ടെത്തി. ഇത് മനസിലാക്കിയ ദേവത സ്ഥലം പൂട്ടി താക്കോൽ കുളത്തിലുപേക്ഷിച്ച് പോയി. അതോടെ നാട്ടുകാർ ഇവിടെ വിളക്കുവച്ച് ആരാധന തുടങ്ങി. ഇന്ന് ഇവിടെ ഒരു ശിവക്ഷേത്രമടക്കം ആരാധന നടക്കുന്നു.
പണ്ട് വേണാട് നാട്ടുരാജ്യം നിലനിന്ന സമയത്ത് പിന്നീട് തിരുവിതാംകൂറിന്റെ ആദ്യ രാജാവായ മാർത്താണ്ഡ വർമ്മ ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇവിടെയെത്തി. അദ്ദേഹത്തിന് പാറ കയറാനും ശത്രുക്കളിൽ നിന്നൊളിക്കാനും പാറയിൽ 72 പടികളും വെട്ടി. ഇവ ഇന്നും കാണാം. ഇന്നും ആരാധനയ്‌ക്കായും കുത്തനെയുള്ള പാറ കയറാനുമായും നിരവധിയാളുകൾ ഇവിടെയെത്തുന്നുണ്ട്. ഏറെ മനോഹരമാണ് ദ്രവ്യപാറ.