ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും, സംവിധാനം രഞ്ജിത്ത് വർമ്മ
കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുന്നു. നവാഗതനായ രഞ്ജിത്ത് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. വിപിൻദാസ് സംവിധാനം ചെയ്ത അന്താക്ഷരി എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ രഞ്ജിത്ത് വർമ്മ ഫാമിലി എന്ന ചിത്രത്തിൽ സഹസംവിധായകനായും പ്രവർത്തിച്ചു.
വി ആൻഡ് ഗ്ളോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ചത്. ഇരുവരും അവതരിപ്പിച്ച രാജീവ്, നിരുപമ എന്നീ കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടി. ഇടവേളയ്ക്കുശേഷം വെള്ളിത്തിരയിലേക്ക് മഞ്ജുവാര്യരുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഹൗ ഓൾഡ് ആർ യു . സിനിമയ്ക്ക് പുറത്ത് അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും. അടുത്തിടെ കുഞ്ചാക്കോ ബോബനും കുടുംബത്തിനും ഒപ്പം മഞ്ജു വാര്യർ ജപ്പാൻ യാത്ര നടത്തിയിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തു കുഞ്ചാക്കോ ബോബൻ കുടുംബ സമേതം നടത്തുന്ന ഒട്ടുമിക്ക യാത്രയിലും മഞ്ജു വാര്യർ പങ്കുചേരാറുണ്ട്. അതേസമയം എമ്പുരാൻ ആണ് മഞ്ജു വാര്യരുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ ആണ് റിലീസിന് ഒരുങ്ങുന്ന ചാക്കോച്ചൻ ചിത്രം. ചാക്കോച്ചനും രതീഷ് ബാലകൃഷ്ണ പൊതുവാളും ഇത് മൂന്നാം തവണയാണ് ഒരുമിക്കുന്നത്.