ഇനി ബെല്ലി ഡാൻസുമായി കല്യാണി പ്രിയദർശൻ

Thursday 09 October 2025 6:16 AM IST

ജീനി വീഡിയോ ഗാനം

രവിമോഹനൊപ്പം കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ഒന്നിക്കുന്ന ജീനി എന്ന തമിഴ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എ.ആർ. റഹ്മാൻ സംഗീതം പകർന്ന അബ്ഡി അബ്ഡി എന്ന ഗാനരംഗത്ത് ബെല്ലി ഡാൻസ് നമ്പറുമായി രവിമോഹനും കല്യാണി പ്രിയദർശനും കൃതിഷെട്ടിയും എത്തുന്നു.

അറബിക് സ്റ്റൈൽ പാട്ട് എഴുതിയത് മഷൂഖ് റഹ്മാനാണ്. ഫ്രീക്ക് ആണ് റാപ്പിന്റെ ആലാപനം . മയ്സകരാരയും ദീപ്തി സുരേഷും ചേർന്നാണ് ഗാനം ആലപിച്ചത്. ആഗോള വിജയം നേടിയ ലോക: ചാപ്ടർ വൺ ചന്ദ്രയ്ക്കുശേഷം കല്യാണി പ്രിയദർശന്റേതായി പുറത്തിറങ്ങുന്ന ചിത്രം എന്ന നിലയിലും പാട്ട് വലിയ ചർച്ചയായി. അഭിനേതാവ് എന്ന നിലയിൽ മുൻപ് ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്ത് വെല്ലുവിളികൾ ഏറ്റെടുക്കാൻ താൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഇൗ പാട്ട് അത്തരത്തിൽ ഒന്നാണ്. സംവിധായകൻ ഭുവനേഷ് പാട്ടിനെക്കുറിച്ച് പറഞ്ഞപ്പോൾ ഇത്രയും കൊമേഴ്സ്യലായ ഒരു ഗാനത്തെ അദ്ദേഹം എത്ര മനോഹരമായാണ് ചിത്രത്തിന്റെ കഥയുടെ ഭാഗമായി മാറ്റിയതെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടുപോയി. ഒരുപാട് കഠിനാദ്ധ്വാനം ചെയ്ത് പുതിയൊരു കാര്യം പരീക്ഷിച്ച നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. കല്യാണിയുടെ വാക്കുകൾ.

കല്യാണിയുടെ പാട്ടിലെ ലുക്കിനും പ്രകടനത്തിനും വലിയ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. അർജുൻ ജൂനിയർ സംവിധാനം ചെയ്യുന്ന ജീനി വെൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിക്കുന്നു. വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.