നികുതി കുറഞ്ഞത് വിലയിലും വരണം

Thursday 09 October 2025 3:03 AM IST

ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമായാണ് കേന്ദ്ര സർക്കാർ സെപ്തംബർ 22-ന് ജി.എസ്.ടി നിരക്ക് കുറച്ചത്. ഇതനുസരിച്ച് പല ഉപഭോഗ സാധനങ്ങൾക്കും വില നല്ല രീതിയിൽ കുറയേണ്ടതാണെങ്കിലും പലയിടത്തും വില കുറഞ്ഞിട്ടില്ല എന്നത് ജി.എസ്.ടി ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. ഇപ്പോൾ പല സാധനങ്ങൾക്കും പലയിടത്തും പല വിലയാണ്. ജനങ്ങൾ പരാതിപ്പെടുമ്പോൾ ജി.എസ്.ടി നിരക്ക് കുറയ്ക്കുന്നതിനു മുമ്പ് വാങ്ങിവച്ച സാധനമാണെന്നാണ് കച്ചവടക്കാർ സാധാരണ പറയാറുള്ളത്. ജി.എസ്.ടി നിരക്ക് കുറച്ചതിന്റെ നേട്ടം ചില്ലറ വില്പനക്കാരുടെ പോക്കറ്റിലേക്കാണ് പലയിടത്തും പോകുന്നതെന്ന ജനങ്ങളുടെ പരാതികൾ മാദ്ധ്യമങ്ങളിൽ വാർത്തകളായെങ്കിലും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ട ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല.

ഒക്ടോബർ 20-നു മുമ്പ് നിരക്കിളവിലെ വിടവ് നികത്തണമെന്ന് കേന്ദ്രം 800 ബ്രാൻഡുകൾക്കും കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുകൊണ്ട് മാത്രമായില്ല. ചില്ലറ വില്പനക്കാർക്കും ഈ നിർദ്ദേശം നൽകേണ്ടതാണ്. അതു പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന അറിയിപ്പും പരസ്യങ്ങളുടെ രൂപത്തിലും അല്ലാതെയും കേന്ദ്ര ധനകാര്യ വകുപ്പ് പ്രസിദ്ധീകരിക്കുകയും വേണം. കാറുകൾ തുടങ്ങി,​ ഷോറൂമുകളിൽ നിന്ന് നേരിട്ടു വാങ്ങുന്ന വലിയ ഉത്പന്നങ്ങൾക്ക് വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഈ രംഗത്ത് 100 ശതമാനവും വിലക്കുറവ് പ്രതിഫലിച്ചതായി കേന്ദ്രം നടത്തിയ റാൻഡം സർവേയിൽ വ്യക്തമായിട്ടുമുണ്ട്. എന്നാൽ,​ ചെറിയ ഉത്‌പന്നങ്ങളുടെ വില്പനയിൽ ഇത് വേണ്ടത്ര പ്രതിഫലിച്ചിട്ടില്ല. സോപ്പ്, ഷാമ്പു, പാക്കേജ് ഫുഡ് തുടങ്ങിയവയ്ക്ക് വെറും 40 ശതമാനവും,​ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് 65 ശതമാനവും,​ ഇൻഷ്വറൻസിൽ 48 ശതമാനവും മാത്രമാണ് വിലക്കുറവ് നടപ്പായത്. അപ്പോൾ,​ ഉപഭോക്താവിനു കിട്ടേണ്ട ലാഭം എങ്ങോട്ടു പോകുന്നു എന്നതിൽ ജി.എസ്.ടി അധികൃതർ തന്നെ വ്യക്തത വരുത്തേണ്ടതുണ്ട്.

ചില ചില്ലറ വില്പനക്കാർ സാധനങ്ങളുടെ വില കൂട്ടിയിട്ട് ജി.എസ്.ടി കുറവ് നടപ്പാക്കിയെന്ന തട്ടിപ്പും നടത്തുന്നുണ്ട്. മാത്രമല്ല പ്രമുഖ ഇ- കൊമേഴ്സ് പ്ളാറ്റ്‌‌ഫോമുകളിൽ എം.ആർ.പിയിൽ തിരിമറിയുണ്ടെന്നും ആക്ഷേപമുണ്ട്. ഡിസ്‌കൗണ്ടിന്റെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. റെഡി‌മെയ്‌ഡ് വസ്‌ത്രങ്ങളിൽ ജി.എസ്.ടി കുറയ്ക്കേണ്ടതിനു പകരം ഡിസ്‌കൗണ്ട് എന്ന പേരിൽ പലയിടത്തും വില്പന നടത്തുന്നു. ഒരു പ്രത്യേക ബ്രാൻഡിലുള്ള ആട്ടയുടെ രണ്ടുകിലോ പായ്ക്കറ്റിന് 136 രൂപയായിരുന്നത് 121 രൂപയാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ 129- 131 രൂപയ്ക്കാണ് ഇപ്പോഴും വിപണിയിൽ വില്ക്കുന്നത്. അമുൽ ബട്ടർ 100 ഗ്രാമിന് 62 രൂപയിൽ നിന്ന് 58 ആകുമെന്നാണ് കമ്പനി അറിയിച്ചിരുന്നെങ്കിലും 59- 60 രൂപ വരെ പലയിടത്തും ഈടാക്കുന്നു.

ഒരേ ഉത‌്‌പന്നത്തിന് വിവിധ ഭാഗങ്ങളിൽ പല വില ഈടാക്കുന്നുവെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും,​ ആർക്കുമെതിരെ നടപടി സ്വീകരിച്ചതായി പറയുന്നില്ല. നടപടി ഉണ്ടാകുമെന്നും,​ വില കുറയ്ക്കാതെ വിറ്റാൽ പിഴ അടയ്ക്കേണ്ടിവരുമെന്നും ബോദ്ധ്യമായില്ലെങ്കിൽ ഭൂരിപക്ഷം പേരും സ്വമേധയാ നിയമം പാലിക്കാൻ തയ്യാറാകില്ല എന്നതാണ് ചില്ലറവില്പന രംഗവുമായി ബന്ധപ്പെട്ട പൂർവകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ജി.എസ്.ടി അധികൃതർ വ്യാപകമായ പരിശോധനകൾ നടത്തുന്നതിനു മുമ്പ് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോധവത്‌കരണത്തിന് നടപടി സ്വീകരിക്കണം. എന്നിട്ടും നികുതിയിലെ കുറവ് പോക്കറ്റിലാക്കുന്നവരുണ്ടെങ്കിൽ അവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം.