ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു, മുളകുപൊടി വിതറി ഭാര്യ

Wednesday 08 October 2025 8:05 PM IST

ന്യൂഡൽഹി: ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ച ശേഷം പൊള്ളലിൽ മുളകുപൊടി വിതറി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ മദൻഗീർ പ്രദേശത്തെ വാടകവീട്ടിൽ വച്ചാണ് 28 കാരനായ ദിനേശിനെ ഭാര്യ ആക്രമിച്ചത്. അർദ്ധരാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം .

''തലേദിവസം രാത്രി വൈകിയാണ് ഞാൻ വീട്ടിലെത്തിയത്. ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്നു. എന്റെ ഭാര്യയും മകളും സമീപത്ത് തന്നെയാണ് കിടന്നത്. അർദ്ധരാത്രി മൂന്ന് മണിയോടെ ദേഹത്ത് മൂർച്ചയുള്ളതെന്തോ വീണ് പൊള്ളി. വേദനയിൽ ഞെട്ടി കണ്ണ് തുറന്നപ്പോൾ എന്റെ ഭാര്യ മുന്നിൽ നിൽക്കുകയായിരുന്നു. സഹായം ചോദിച്ചപ്പോൾ അവൾ പൊള്ളലിൽ മുളകുപൊടി വിതറി''. യുവാവ് പൊലീസിൽ മൊഴി നൽകി. വേദനകൊണ്ട് നിലവിളിച്ചപ്പോൾ ശബ്ദമുണ്ടാക്കിയാൽ കൂടുതൽ എണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ദിനേശ് പറയുന്നു.

നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ വീടിന്റെ താഴത്തെ നിലയിലാണ് വീട്ടുടമസ്ഥനും കുടുംബവും താമസിക്കുന്നത്. ആദ്യം വാതിൽ തുറക്കാൻ യുവതി വിസമ്മതിച്ചുവെന്നും ആശുപത്രിയിൽ എത്തിക്കാൻ യുവതി തയ്യാറായില്ലെന്നും വീട്ടുടമയുടെ മകൾ പറഞ്ഞു.

അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ച യുവാവിന്റെ പൊള്ളലുകൾ ഗുരുതരമായതിനാൽ സഫർജങ്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായിയി. ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ദിനേശിന്റെ പേരിൽ യുവതി നേരത്തെ വനിതാസെല്ലിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രശ്നം ഒത്തുതീർപ്പായതിനാൽ പരാതി പിൻവലിക്കുകയായിരുന്നു. നിലവിൽ യുവതിയുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.