റവന്യു സർവീസ് അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മീഷണർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
കോവളം: ഇന്ത്യൻ റവന്യു സർവീസ് അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മീഷണറുടെ വ്യാജ ഐഡി കാർഡുണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. ജോലിയും കോളേജിൽ അഡ്മിഷനും വാങ്ങി നൽകാമെന്നുപറഞ്ഞ് നിരവധിപ്പേരിൽ നിന്ന് ലക്ഷങ്ങളാണ് പ്രതി തട്ടിയെടുത്തത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയായ മണക്കാട് ബലവാൻ നഗർ പണയിൽ പുത്തൻവീട്ടിൽ അഖിലിനെ (27) തിരുവല്ലം പൊലീസ് ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സഹപാഠിയിൽ നിന്ന്, ഐ.ആർ.എസ് ജോലി വാഗ്ദാനം നൽകി ഇക്കഴിഞ്ഞ ഫെബ്രുവരി 2വരെ വിവിധ ഘട്ടങ്ങളായി 20,68,910 രൂപ അഖിൽ കൈക്കലാക്കിയിരുന്നു. പാച്ചല്ലൂർ കുഴിപ്പഴനി തമ്പുരാൻ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പെൺകുട്ടിക്ക് ഗോകുലം മെഡിക്കൽ കോളേജ് അല്ലെങ്കിൽ ഡൽഹി എയിംസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്നു പറഞ്ഞ് 16 ലക്ഷവും കൈക്കലാക്കിയിരുന്നു.
കമലേശ്വരം ഗവ.ഹൈസ്കൂളിൽ പഠിച്ചിരുന്ന സഹപാഠികളും ആറ്റുകാൽ ചിന്മയ വിദ്യാലയ ഭാഗത്ത് ഫുട്ബാൾ കളിക്കാനെത്തിയ വിദ്യാർത്ഥികളും ഇയാളുടെ ഇരയായിട്ടുണ്ട്.
പ്രതിക്കെതിരെ പൂന്തുറ പൊലീസിൽ മറ്റൊരു പെൺകുട്ടി പരാതി നൽകിയെന്നും സൂചനയുണ്ട്. ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.കേസിൽ കൂട്ടുപ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെ ഉച്ചയോടെ തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.തിരുവല്ലം എസ്.എച്ച്.ഒ പ്രദീപ്,എസ്.ഐ വിനോദ്,എസ്.സി.പിഒമാരായ സജിത്ത്,രാജേഷ്,സി.പി.ഒ അനൂപ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.