4ജി തുണച്ചു, ബിഎസ്‌എൻഎല്ലിന് വമ്പൻ കുതിപ്പ്, വരിക്കാരിൽ രണ്ടാം സ്ഥാനത്ത്, 13 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ നേടി

Wednesday 08 October 2025 9:04 PM IST

4ജി സേവനം ഈയിടെ ഭാഗികമായി നടപ്പാക്കിയ ബിഎസ്എൻഎല്ലിന് ഓഗസ്റ്റ് മാസത്തിൽ നേടാനായത് വമ്പൻ വളർച്ച. നിലവിൽ ജിയോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് 2025 ഓഗസ്റ്റിൽ ബിഎസ്എൻഎല്ലിന്റെ സ്ഥാനം. ഭാരതി എയർടെൽ ഇത്തവണ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായി. ഏറ്റവും കുറച്ച് പുതിയ കസ്റ്റമേഴ്‌സ് ലഭിച്ചത് വിയ്‌ക്കാണ്.

റിലയൻസിന്റെ ജിയോയ്‌ക്ക് 19.49 ലക്ഷം പുതിയ വരിക്കാരെയാണ് നേടാനായത്.ബിഎസ്‌എൻഎല്ലിനാകട്ടെ 13.80 ലക്ഷം പേരെയാണ് നേടാനായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതാദ്യമായാണ് ബിഎസ്എൻഎല്ലിന് ഇത്രയധികം വളർച്ച ഒരുമാസം ഉണ്ടാകുന്നത്. ഇതിനുമുൻപ് ഇത്ര ശക്തമായ പ്രതിമാസ വർദ്ധന വന്നത് ഈ വർഷം മാർച്ചിലാണ്. അന്ന് 50,000 പേരെയാണ് കമ്പനി നേടിയത്. സെപ്‌‌തംബർ 27ന് രാജ്യമാകെ 4ജി സേവനം നടപ്പാക്കിയതായി ബിഎസ്എൻഎൽ അറിയിച്ചിരുന്നു.

ഓഗസ്റ്റ് മാസത്തിൽ മൂന്നാം സ്ഥാനത്തായ എയർടെൽ 4,96000 പുതിയ ഉപഭോക്താക്കളെയാണ് നേടിയത്. വോഡഫോൺ ഐഡിയ (വി) ആകട്ടെ തൊട്ടുമുൻപത്തെ മാസത്തേതിലും കുറവ് രേഖപ്പെടുത്തി. 3.09 ലക്ഷമാണ് വി കണക്ഷൻ സ്വന്തമാക്കിയത്. എന്നാൽ ആകെ കണക്ഷനുകളുടെ എണ്ണമെടുക്കുമ്പോൾ നാലാമതാണ് ബിഎസ്‌എൻഎൽ. 47.9 കോടിയാണ് ജിയോ കസ്റ്റമേഴ്‌സ്. ഭാരതി എയർടെല്ലിനാകട്ടെ 39.1 ആണ്. വി 20.3 കോടി. എന്നാൽ ബിഎസ്‌എൻഎല്ലിന് 9.17 കോടി ഉപഭോക്താക്കളാണുള്ളത്.

2024 ജൂലായിൽ മറ്റ് കമ്പനികൾ പ്ളാൻ തുക വർദ്ധിപ്പിച്ചതോടെയാണ് ബിഎസ്എൻഎല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കുണ്ടായത്. ജൂലായ് മുതൽ 2024 ഒക്‌ടോബർ വരെ 6.78 മില്യൺ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിന് വർദ്ധിച്ചു. ആറ് മുതൽ എട്ട് മാസത്തിനിടെ ബിഎസ്‌എൻഎൽ 4ജി ടവറുകൾ 5ജി ആയി മാറ്റുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.