അമീബിക് മസ്തിഷ്കജ്വരം: ഇടവയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി

Thursday 09 October 2025 1:11 AM IST

വർക്കല: അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച ഇടവയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. വെൺകുളം മരക്കടമുക്ക് സ്വദേശി 34കാരിയായ യുവതിയാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. കിണറില്ലാത്തതിനാൽ പൂർണമായും പൈപ്പ്‌വെള്ളമാണ് യുവതിയുടെ വീട്ടിൽ ഉപയോഗിച്ചിരുന്നത്. ബുധനാഴ്ച ആരോഗ്യവിഭാഗം ഇവരുടെ വീട്ടിലെ രണ്ടു ടാങ്കുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. വെൺകുളത്തെ ഓവർഹെഡ് ടാങ്കിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരുവന്തപുരത്തെ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചു.

ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷാഹിം,ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽജലീൽ,ജെ.എച്ച്‌.ഐ ഷോം എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകരാണ് പരിശോധന നടത്തിയത്. യുവതിയുടെ അരോഗ്യനിലയും തൃപ്തികരമാണ്. യുവതിയുടെ അമ്മയും രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. കഴിഞ്ഞമാസം 19നാണ് യുവതിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. യുവതി പൊതുജലാശയങ്ങളിൽ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കി. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.