നേമം സഹകരണ ബാങ്ക് തട്ടിപ്പ് മുൻ സെക്രട്ടറിയുടെ പേരിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

Thursday 09 October 2025 12:31 AM IST

നേമം: ക്രമക്കേട് കണ്ടെത്തിയ നേമം സഹകരണ ബാങ്കിലെ മുൻ സെക്രട്ടറി ആർ.രാജേന്ദ്ര കുമാറിനെതിരെ ക്രൈംബ്രാഞ്ച് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിപ്പിച്ചു.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടാം പ്രതിയാണ് മുൻ ബാങ്ക് സെക്രട്ടറി രാജേന്ദ്രകുമാർ. ബാങ്ക് ക്രമക്കേടിൽ കൂടുതൽ തുകയായ 31 കോടി രൂപ തട്ടിയെടുത്തത് മുൻ സെക്രട്ടറിയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ, മുൻ സെക്രട്ടറി രാജേന്ദ്രകുമാർ ഒളിവിൽ പോയി.മുൻ സെക്രട്ടറിമാരിൽ ഒരാളായ ബാലചന്ദ്രൻ നായർ, മുൻ പ്രസിഡന്റ്‌ ആർ.പ്രദീപ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും മുൻ സെക്രട്ടറി രാജേന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമുയർന്നിരുന്നു.

അതേസമയം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ബാങ്കിന് കഴിഞ്ഞ രണ്ടുമാസത്തിലായി 40 ലക്ഷം രൂപ പിരിഞ്ഞു കിട്ടിയെങ്കിലും നിക്ഷേപകർക്ക് കുറച്ചു തുകപോലും കൊടുക്കാത്ത നടപടിയിൽ ആക്ഷൻ കൗൺസിൽ പ്രതിഷേധമറിയിച്ചു.നിക്ഷേപകരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. പലരുടെയും മക്കളുടെ വിവാഹം മുടങ്ങി, വിദ്യാഭ്യാസം തടസപ്പെട്ടു, പ്രായമായവരുടെ ചികിത്സ പോലും നടത്താൻ കഴിയുന്നില്ല.ഈ സാഹചര്യത്തിൽ പഞ്ചായത്ത് നഗരസഭാ തിരഞ്ഞെടുപ്പിന് മുൻപായി 5 ലക്ഷം രൂപ വീതം, നിക്ഷേപകർക്ക് നൽകാൻ സഹകരണവകുപ്പ് തയ്യാറാകണമെന്ന് നിക്ഷേപക്കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും ആവശ്യപ്പെട്ടു.