പാചകത്തൊഴിലാളിയുടെ കൊലപാതകം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
വിഴിഞ്ഞം: കോവളത്ത് പാചകത്തൊഴിലാളിയുടെ കൊലപാതകത്തിൽ റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. അയൽവാസിയായ ഓട്ടോഡ്രൈവർ വെള്ളാർ മൂക്കോട്ട് വീട്ടിൽ രാജീവിനെ (42)യാണ് കോവളം പൊലീസ് ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തത്. കുറ്റകൃത്യങ്ങൾ പ്രതി പൊലീസിനോട് വിശദീകരിച്ചു. കഴിഞ്ഞ മാസം 17നാണ് കോവളം നെടുമംപറമ്പിൽ വീട്ടിൽ രാജേന്ദ്രനെ (60) നെടുമത്തെ സഹോദരിയുടെ വീടിന്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ മാതാവിനെ ഉപദ്രവിച്ചതും മാതാവുമായി രാജേന്ദ്രന് ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിന് കാരണം.നഗരത്തിൽ ഹോട്ടൽ ഷെഫായിരുന്നു രാജേന്ദ്രൻ. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാജേന്ദ്രൻ സഹോദരിയുടെ വീട്ടിലായിരുന്നു താമസം.മൃതദേഹം കണ്ടെത്തുമ്പോൾ രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നതിനാൽ കൂടുതൽ തെളിവ് ലഭിച്ചിരുന്നില്ല. പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ പുറമെ നിന്നുള്ള ബലപ്രയോഗം നടന്നിട്ടുണ്ടാകാമെന്ന് ഡോക്ടർ സംശയിച്ചു.ബലപ്രയോഗത്തെ തുടർന്ന് വോക്കൽ കോഡിനും തൈറോയ്ഡ് ഗ്രന്ഥികൾക്കുമുണ്ടായ മാരക ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.നിരവധി പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇന്ന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കും.