സി.ബി.എസ്.ഇ കണ്ണൂർ ജില്ല കലോത്സവം ഇന്ന് തുടങ്ങും

Thursday 09 October 2025 12:15 AM IST
സി.ബി.എസ്.ഇ

കണ്ണൂർ: സഹോദയ സ്കൂൾ കോംപ്ലക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിലെ സ്റ്റേജിന മത്സരങ്ങൾ ഇന്ന് മുതൽ 11 വരെ ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം സിനിമാതാരം ഗിന്നസ് പക്രു നിർവഹിക്കും.

വിവിധ കാറ്റഗറികളിലായി 83 മത്സര ഇനങ്ങൾ അരങ്ങേറുന്ന കലാമേളയിൽ നൂറിലധികം സ്‌കൂളുകളിൽ നിന്നായ് 3500ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. വിവിധ മത്സരങ്ങൾക്കായി 16 വേദികളാണ് ക്രമീകരിച്ചിട്ടുള്ളത്. കലാമേളയുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലും എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട്.

വേദി ഒന്നിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തം, രണ്ടിൽ ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെയും യു.പി വിഭാഗം പെൺകുട്ടികളുടെയും ഭരതനാട്യം മൂന്നിൽ ദഫ് മുട്ട്, സംഘനൃത്തം, മിമിക്രി, നാലിൽ യു.പി ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തം, ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തം, യു.പി, ഹയർസെക്കൻഡറി വിഭാഗം കുട്ടികളുടെ കർണാടക സംഗീതം എന്നിവ നടക്കും. ബാക്കിയുള്ള 12 സ്റ്റേജുകളിലായി ലളിതഗാനം, പ്രസംഗ മത്സരം സംസ്‌കൃതം, മലയാളം, അറബിക്, ഹിന്ദി പദ്യം ചൊല്ലൽ, ആങ്കറിംഗ്, മോണോആക്ട് തുടങ്ങിയവ നടക്കും.

ഇതുവരെ പൂർത്തിയായ ഓഫ് സ്റ്റേജ് മത്സരങ്ങളിൽ 261 പോയിന്റ് നേടി ഉർസുലൈൻ സീനിയർ സെക്കൻഡറി സ്‌കൂൾ പയ്യാമ്പലം ഒന്നാം സ്ഥാനവും 256 പോയിന്റ് നേടി ശ്രീനാരായണ വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്‌കൂൾ തളാപ്പ് രണ്ടാം സ്ഥാനവും 250 പോയിന്റ് നേടി ചിന്മയ വിദ്യാലയം ചാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.