ഓപ്പറേഷൻ സിന്ദൂർ കരുത്ത് തെളിയിച്ചു: വ്യോമസേനാ മേധാവി

Thursday 09 October 2025 12:03 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ നടത്തിയ ധീരവും കൃത്യവുമായ ആക്രമണങ്ങൾ വ്യോമസേനയുടെ കരുത്ത് തെളിയിച്ചെന്ന് എയർ ചീഫ് മാർഷൽ എ.പി സിംഗ്. വ്യോമസേനയുടെ കരുത്ത് എങ്ങനെ ഒരു സൈനിക നടപടിയുടെ ഫലത്തെ സ്വാധീനിക്കുമെന്ന് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇന്ത്യൻ വ്യോമസേന തെളിയിച്ചെന്നും പറഞ്ഞു. ഉത്തർ പ്രദേശിലെ ഗാസിയാബാദ് ഹിൻഡൻ വ്യോമ താവളത്തിൽ 93-ാമത് വ്യോമസേനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ആസൂത്രണവും അച്ചടക്കവുമുള്ള പരിശീലനവും ദൃഢനിശ്ചയവും എങ്ങനെ നേട്ടമാക്കാമെന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ. വിജയങ്ങൾ ആഘോഷിക്കുമ്പോൾ ഭാവിക്കുവേണ്ടി തയാറായിരിക്കുകയും വേണം. തയാറെടുപ്പുകൾ നൂതനവും പ്രായോഗികവുമായിരിക്കണം. യുദ്ധത്തിലെന്ന പോലെയായിരിക്കണം പരിശീലനമെന്നും അദ്ദേഹം പറഞ്ഞു.

1932 ഒക്ടോബർ 8ന് ബ്രിട്ടീഷ് ഇന്ത്യയിലാണ് വ്യോമസേന സ്ഥാപിക്കപ്പെട്ടത്. ആഘോഷത്തിന്റെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക പരേഡ് നടന്നു. ഇന്ത്യയുടെ വ്യോമ കരുത്ത് പ്രകടമാക്കുന്ന യുദ്ധവിമാനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരേഡ്. പതിവുള്ള വ്യോമാഭ്യാസം ഇത്തവണ നടന്നില്ല. നവംബറിൽ ഗുവാഹത്തിയിലാണ് അഭ്യാസ പ്രകടനം നടക്കുക. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഏത് വെല്ലുവിളിയും നേരിടാനുള്ള വ്യോമസേനയുടെ സന്നദ്ധതയും കരുത്തും രാജ്യത്തിന് എന്നും അഭിമാനമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ആശംസകൾ നേർന്നുകൊണ്ട് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസകൾ നേർന്നു.