സഭയിൽ നാടകീയ രംഗങ്ങൾ: പോര് വിളിച്ച് ഇരു പക്ഷവും
തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിഷയത്തെച്ചൊല്ലി ഭരണ, പ്രതിപക്ഷാംഗങ്ങൾ ഏറ്റമുട്ടിയതോടേ, നിയമസഭയിൽ അസാധാരണ രംഗങ്ങൾ. സ്പീക്കറുടെ മുഖം മറച്ച് ബാനറുകളുമായി ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷം.ഒരു ഘട്ടത്തിൽ ഇരുപക്ഷവും കൈയ്യേറ്റത്തിന്റെ വക്കിലെത്തിയപ്പോൾ വാച്ച് ആൻഡ് വാർഡ് ഇരുപക്ഷത്തിനും നടുവിൽ മതിൽ തീർത്തു. സ്‌പീക്കർ താത്കാലികമായി സഭ നിറുത്തി വച്ചെങ്കിലും ഇരുപക്ഷവും 15 മിനിട്ടോളം പരസ്പരം പരിഹസിച്ചും ആക്ഷേപങ്ങൾ ചൊരിഞ്ഞും വാക്കേറ്റത്തിലേർപ്പെട്ടു. പിന്നീട് ശൂന്യവേളയിൽ സഭാ നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഭരണപക്ഷം തടസപ്പെടുത്തിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രി രാജി വയക്കണമെന്നാവശ്യപ്പെട്ടുള്ള ബാനറും പ്ലക്കാർഡുകളുമായാണ് പ്രതിക്ഷം ഇന്നലെയും സഭയിലെത്തിയത്. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദേവസ്വം മന്ത്രി രാജി വയ്ക്കുകയും, ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുകയും ചെയ്യുന്നത് വര സഭാ നടപടികളുമായി സഹരിക്കില്ലെന്ന് വ്യക്തമാക്കി.സഭയിൽ കാര്യങ്ങൾ ഉന്നയിക്കാൻ ശരിയായ രീതിയുണ്ടെന്നും നോട്ടീസ് ഉന്നയിക്കാമല്ലോയെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പ്രതിപക്ഷ നിലപാടിൽ സ്‌പീക്കറും ക്ഷുഭിതനായി. സഭാ ഗ്യാലറിയിൽ മുഴുവൻ
വിദ്യാർത്ഥികളായിരുന്നു.സ്‌പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധമാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്ന് സ്‌പീക്കർ ചോദിച്ചു.
യു.ഡി.എഫ്
ചോർ ഹേ
ബഹളത്തിനിടെ ചോദ്യോത്തരവേളയിൽ മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കവെ പ്രതിപക്ഷത്തെ കള്ളന്മാരെന്ന് വിളിച്ച് മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. 'ചോർ ഹേ, യു.ഡി.എഫ് ചോർ ഹേ' എന്ന മുദ്രാവാക്യം മുഴക്കിയതോടെ ,വി.ശിവൻകുട്ടിയുടെ നിയമസഭയിലെ പഴയ പ്രതിഷേധ ചിത്രം പ്രതിപക്ഷം ഉയർത്തിക്കാട്ടി. കെ.കെ.രമയും കെ.രാജനും തമ്മിൽ വാക്കേറ്റമായി. ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ എ.പി.അനിൽകുമാർ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ നിന്ന് പ്രതിഷേധിച്ചതോടെ മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ് റിയാസ്, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്തു. വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ ശ്രമിച്ച റോജി എം ജോണിനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.