ശബരിമല തട്ടിപ്പിൽ ഷിബു ബേബിജോൺ: 'പിണറായി പഞ്ചാബ് മുഖ്യമന്ത്രി ആയാൽ സുവർണക്ഷേത്രം ചെമ്പാക്കും"
തിരുവനന്തപുരം: പിണറായി വിജയൻ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നുവെങ്കിൽ സുവർണ ക്ഷേത്രം ചെമ്പ് ആകുമായിരുന്നുവെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോണിന്റെ പരിഹാസം. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയനും ദേവസ്വം പെൻഷണേഴ്സ് യൂണിയനും സംയുക്തമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉണ്ണികൃഷ്ണൻ പോറ്റിയെ മുന്നിൽ നിർത്തി പിണറായി സർക്കാരിന്റെ അനുഗ്രഹാശിസുളോടെ ദേവസ്വം ബോർഡിൽ നടന്ന തീവെട്ടിക്കൊള്ള സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ അഭിപ്രായം ഞെട്ടിക്കുന്നതാണ്. ശബരിമല തട്ടിപ്പ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി സർക്കാരിന് ഇടതുപക്ഷ നയമില്ല: ചെന്നിത്തല
പിണറായി സർക്കാരിന് പേരിനുപോലും ഇടതുപക്ഷ നയങ്ങളില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. തൊഴിലാളികൾക്ക് സംഘടിക്കാനും വിലപേശാനുമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. ക്ഷേമപെൻഷനുകൾ മുടക്കിയും ഡി.എ വർദ്ധന തടസപ്പെടുത്തിയും ശമ്പളവും ആനുകൂല്യങ്ങളും നിഷേധിച്ചുമുള്ള സർക്കാരിന്റെ പോക്ക് തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ഹെഡ്ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച ഹെഡ്ലോഡ് വർക്കേഴ്സ് ലീഡേഴ്സ് മീറ്റ് വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവാഭരണം കമ്മിഷണർ നിലപാട് മാറ്റിയതിൽ ദുരൂഹതയില്ല
ശബരിമലയിലെ ദ്വാരപാലക ശില്പം സ്വർണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് എട്ടുദിവസത്തിനുള്ളിൽ തിരുവാഭരണം കമ്മിഷണർ നിലപാട് മാറ്റിയതിൽ ദുരൂഹതയൊന്നുമില്ലെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പുതുതായി വന്ന ഉദ്യോഗസ്ഥനായതുകൊണ്ടാണ് അദ്ദേഹത്തിന് റിപ്പോർട്ട് മാറ്റി അയയ്ക്കേണ്ടി വന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെയും സ്മാർട്ട് ക്രിയേഷൻസിനെയും പണി ഏൽപ്പിക്കാമെന്നാണ് നിലപാട് തിരുത്തിയത്. വാറന്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലായതുകൊണ്ടും സ്മാർട്ട് ക്രിയേഷൻസ് ആധികാരിക സ്ഥാപനമായതുകൊണ്ടുമാണ് തിരുവാഭരണം കമ്മിഷണർ നിലപാട് മാറ്റി അറിയിച്ചതെന്നും പ്രശാന്ത് പറഞ്ഞു. സ്പോൺസർ ചെയ്യാമോ എന്ന് ഉണ്ണികൃഷ്ണൻ പോറ്റിയോട് ചോദിച്ചത് സത്യമാണ്. ഇതിലപ്പുറം പോറ്റിയുമായി ഒരു ബന്ധവും ബോർഡിനില്ല. വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടെന്നാണ് ദേവസ്വം വിജിലൻസ് എസ്.പിയുടെ റിപ്പോർട്ട്.
ആരോപണം സതീശൻ തെളിയിക്കണം: കടകംപള്ളി
ശബരിമലയിലെ ദ്വാരപാലക ശില്പം താൻ ഇടനിലനിന്ന് കോടീശ്വരന് വില്പന നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം നിയമസഭയിൽ നിഷേധിച്ച് മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ. ഏത് കോടീശ്വരനാണ് വില്പന നടത്തിയതെന്ന് തെളിയിക്കാൻ സതീശനെ വെല്ലുവിളിക്കുകയാണ്. അതിനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് സതീശൻ തയ്യാറാകണം. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ തനിക്കെതിരെ പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നതിന് പിന്നിൽ ബി.ജെ.പിയുമായി ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. തന്റെ മണ്ഡലമായ കഴക്കൂട്ടത്ത് മത്സരിക്കാൻ കച്ചകെട്ടിയിരിക്കുന്ന ബി.ജെ.പിയുടെ പ്രമുഖ നേതാവുണ്ട്. സ്വർണപ്പാളി വിവാദമുണ്ടായപ്പോൾ മുതൽ അതിൽ തന്നെ ചേർത്തുകെട്ടാൻ ആ നേതാവ് നിരന്തരം ശ്രമിച്ചുവരികയാണ്. അതിനോട് ഒത്തുചേരുന്ന ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്.
ക്ഷേത്രങ്ങളിലെ സ്വത്തുക്കൾസംരക്ഷിക്കാൻ സംവിധാനം ഒരുക്കണം:തുഷാർ
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്വത്തുക്കൾ മൂല്യനിർണയം നടത്തി സംരക്ഷിക്കാൻ കോടതിയുടെ നിരീക്ഷണത്തിൽ സംവിധാനം ഒരുക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ശബരിമല ക്ഷേത്രത്തിൽ നിന്നും അമൂല്യ വസ്തുക്കൾ ഉൾപ്പെടെ മോഷണം പോയ സാഹചര്യം പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്, ശബരിമലയിലെ സ്ഥിതി ഇതാണെങ്കിൽ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള വലുതും ചെറുതുമായ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെ തിരുവാഭരണം അടക്കമുള്ള സ്വത്തുക്കളുടെ സ്ഥിതി ഒട്ടും സുരക്ഷിതമല്ലെന്നതാണ് സത്യം.ചില ഉദ്യോഗസ്ഥരും അവരുടെ ശിങ്കിടികളായ ചില ജീവനക്കാരുടെയും അവിശുദ്ധ കൂട്ടുകെട്ട് ഭക്തിയുടെ പേരിൽ ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ട് പകൽക്കൊള്ള നടത്തുകയാണ്. ഒരു ശാന്തിക്കാരൻ വിചാരിച്ചാൽ പോലും കോടികൾ വിലയുള്ള അമൂല്യ വസ്തുവകകൾ നിസ്സാരമായി ക്ഷേത്രത്തിൽ നിന്നും കടത്തിക്കൊണ്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ ഉൾപ്പെടെയുള്ള മറ്റ് എല്ലാ അമൂല്യ വസ്തുവകകളും അതിന്റെ പരിശുദ്ധി പരിശോധിച്ച് മൂല്യനിർണ്ണയം നടത്തി അളന്ന് തിട്ടപ്പെടുത്തുന്നതിന് കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു വിദഗ്ദ സമിതിക്കു രൂപം കൊടുത്തു പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവന്റെ ഓരോ മുതലിനും കാവൽ ഒരുക്കുക എന്നത് ദേവസ്വം ബോർഡിന്റെ കർത്തവ്യവും ഉത്തരവാദിത്വവും ആണെന്നും തുഷാർ പറഞ്ഞു.