നവി മുംബയ് വിമാനത്താവളം തുറന്നുനൽകി മോദി

Thursday 09 October 2025 12:42 AM IST

ന്യൂഡൽഹി: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ആദ്യത്തെ പൂർണ ഡിജിറ്റൽ വിമാനത്താവളമാണിത്. ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയെ വ്യോമയാന മേഖലയിലെ പ്രധാന അറ്റകുറ്റപ്പണി (എം.ആർ.ഒ-മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. മുംബയിൽ നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മുംബയ് വൺ' ആപ്പും പുറത്തിറക്കി.

വിമാനങ്ങളുടെ എണ്ണത്തിനനുസരിച്ച് അറ്റകുറ്റപ്പണി ആവശ്യം വർദ്ധിക്കുന്നതിനാൽ ഇന്ത്യ ആഭ്യന്തരമായി പുതിയ സൗകര്യങ്ങൾ വികസിപ്പിക്കുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയവും ദ്രുതഗതിയിൽ വികസനമെത്തിക്കാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഫലങ്ങളുണ്ടാകും. ഇന്ത്യൻ വ്യോമയാന മേഖലയിലെ പുരോഗതി ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

വികസിത ഇന്ത്യയുടെ ദർശനത്തെ പ്രതിഫലിപ്പിക്കുന്ന പദ്ധതിയാണ് നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവളം. പുതിയ വിമാനത്താവളം മഹാരാഷ്ട്രയിലെ ഉത്പന്നങ്ങൾ യൂറോപ്പിലെയും മദ്ധേഷ്യയിലെയും വിപണിയിലെത്തിക്കും- മോദി പറഞ്ഞു.

ചിദംബരത്തിന്

വിമർശനം

മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാതെ അന്നത്തെ സർക്കാർ വിദേശ രാജ്യത്തിന്റെ സമ്മർദ്ദത്തിന് കീഴടങ്ങിയെന്ന് മോദി കുറ്റപ്പെടുത്തി.

അന്നത്തെ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയാണ് കുറ്റപ്പെടുത്തൽ. സൈനികമായി തിരിച്ചടി വേണ്ടെന്നു വച്ചത് ആരുടെ സ്വാധീന പ്രകാരമാണെന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു, ഇത് മുംബയുടെയും രാജ്യത്തിന്റെയും വികാരങ്ങളെ ദുർബലപ്പെടുത്തി. ഇപ്പോഴത്തെ സർക്കാരിന് രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു.