ബീഹാറിന്റെ വികസന നായകൻ വഴിമാറുമോ

Thursday 09 October 2025 12:56 AM IST

ന്യൂഡൽഹി: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നുവന്ന് ബീഹാർ രാഷ്‌ട്രീയത്തെ ദശാബ്‌ദങ്ങളോളം നിയന്ത്രിച്ച സ്ഥിരവൈരികളായിരുന്നു ലാലു പ്രസാദ് യാദവും നിതീഷ് കുമാറും. ആരോഗ്യകാരണങ്ങളാൽ ലാലു സജീവ രാഷ്‌ട്രീയത്തിലില്ല. നിതീഷും ആ വഴിക്കെന്നാണ് സൂചനകൾ.

പാർട്ടിയും മുന്നണിയും മാറിയ നിതീഷ് ബീഹാറിൽ മത്സരിച്ച തിരഞ്ഞെടുപ്പുകളിലൊക്കെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, സ്‌ത്രീ സുരക്ഷ, ക്രമസമാധാനം, അടിസ്ഥാന വികസനം തുടങ്ങിയ മേഖലകളിലെ മാറ്റങ്ങളും മദ്യ നിരോധനം ഉൾപ്പെടെ തീരുമാനങ്ങളും നടപ്പാക്കിയ നിതീഷ് എൻ.ഡി.എയെ നയിക്കും. പക്ഷേ ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയാകുമെന്നുറപ്പില്ല.

നിതീഷ് മാറിയാൽ ബീഹാറിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ ബി.ജെ.പിക്ക് എളുപ്പമാകും. മുഖ്യമന്ത്രിയായി തുടർന്നപ്പോൾ നിതീഷ് ജെ.ഡി.യുവിനെയും സംരക്ഷിച്ചിരുന്നു. 2022ൽ സ്ഥിരവൈരികളായ ആർ.ജെ.ഡിക്കൊപ്പം കൂട്ടുകൂടാൻ കാരണവും മറ്റൊന്നല്ല. കുർമി സമുദായക്കാരനായ നിതീഷ് ഇലക്‌ട്രിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്. വൈദ്യുതി ബോർഡ് ജോലിയിലിരിക്കെ 1970കളിൽ ജെ.പിയുടെ സോഷ്യലിസ്റ്റ് മൂവ്‌മെന്റിൽ ആകൃഷ്‌ടനായി ജനതാപാർട്ടിയിൽ. പിന്നീട് രൂപീകരിച്ച സമതാ പാർട്ടി, 2003ൽ ജെ.ഡി.യുവിൽ ലയിച്ചു. 1985ൽ ഹർനൗത്തിൽ നിന്ന് നിയമസഭാംഗം. 1996ൽ ബറിൽ നിന്ന് ലോക്‌സഭാംഗം. 1998ലെ വാജ്‌പേയി സർക്കാരിൽ റെയിൽവേ മന്ത്രിയായപ്പോൾ ഇന്റർനെറ്റ് ടിക്കറ്റ് ബുക്കിംഗും തത്കാലും നടപ്പാക്കി.

2000ൽ ബി.ജെ.പി പിന്തുണയോടെ ബീഹാറിൽ ആദ്യമായി മുഖ്യമന്ത്രി. ഭൂരിപക്ഷമില്ലാതെ ഒരാഴ്‌ചയ്‌ക്കുള്ളിൽ രാജി. 2004ൽ വീണ്ടും ലോക്‌സഭയിൽ. 2005ൽ രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോൾ കാലാവധി തികച്ചു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് 2014ൽ എൻ.ഡി.എ വിട്ടു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് രാജിവച്ച് അടുത്ത അനുയായി ജിതൻ റാം മാഞ്ജിയെ മുഖ്യമന്ത്രിയാക്കി (പിണങ്ങി പാർട്ടി വിട്ട മാഞ്ജിയും ഇപ്പോൾ എൻ.ഡി.എയിൽ).

2015ൽ ആർ.ജെ.ഡിക്കും കോൺഗ്രസിനുമൊപ്പം മഹാമുന്നണി സർക്കാരിന് നേതൃത്വം നൽകി. ഉപമുഖ്യമന്ത്രി തേജസ്വിയുടെ അഴിമതിയെ ചൊല്ലി 2017ൽ വീണ്ടും രാജി. എൻ.ഡി.എയിൽ പോയി മണിക്കൂറുകൾക്കുള്ളിൽ ആറാംതവണ മുഖ്യമന്ത്രി. 2020തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കസേര നിലനിറുത്തി. 2022ൽ ബി.ജെ.പിയുമായി പിണങ്ങി വീണ്ടും മഹാമുന്നണിയിലേക്ക്. 'ഇന്ത്യ" മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്തു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് മനസിലാക്കി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി പാളയത്തിലേക്ക് മടങ്ങി. ഭാര്യ മഞ്ജുകുമാരി സിൻഹ 2007ൽ മരിച്ചു. മകൻ: നിശാന്ത് കുമാർ