ഗാസയിലെ സമാധാന പദ്ധതി; ഇസ്രയേലും ഹമാസും ആദ്യഘട്ടം അംഗീകരിച്ചെന്ന് ട്രംപ്, ബന്ദികളെ മോചിപ്പിക്കും
വാഷിംഗ്ടൺ: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇസ്രയേൽ ജയിലുകളിൽ തടവിലാക്കിയ പലസ്തീൻ തടവുകാർക്ക് പകരമായി ഗാസയിലെ ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ശക്തവും നിലനിൽക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇതിനെ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ട്രൂത്ത് പേജിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. സമാധാന ചർച്ചയ്ക്കായി ഞായറാഴ്ച ട്രംപ് ഈജിപ്തിൽ പോകുമെന്നാണ് റിപ്പോർട്ട്.
'ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് പ്രഖ്യാപിക്കാൻ ഏറെ സന്തോഷമുണ്ട്. ഇതിനർഥം എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കും. ശക്തവും നിലനിൽക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേൽ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിൻവലിക്കും. എല്ലാ കക്ഷികളോടും നീതിപൂർവ്വം പെരുമാറും! അറബ്, മുസ്‍ലിം ലോകത്തിനും ഇസ്രയേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കൻ ഐക്യനാടുകൾക്കും ഇത് ഒരു മഹത്തായ ദിവസമാണ്. ഈ ചരിത്രപരവും അത്ഭുതപൂർവുമായ സംഭവം യാഥാർഥ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മദ്ധ്യസ്ഥർക്ക് ഞങ്ങൾ നന്ദി പറയുന്നു. സമാധാന സ്ഥാപകർ അനുഗ്രഹീതരാണ്'- ട്രംപ് കുറിച്ചു.