വളർത്തു സിംഹത്തിന്റെ ആക്രമണം, രണ്ട് പേർക്ക് പരിക്ക്
Thursday 09 October 2025 7:17 AM IST
ബാങ്കോക്ക്: തായ്‌ലൻഡിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വളർത്തു സിംഹം വീട്ടിൽ നിന്ന് പുറത്തുചാടി. 11 വയസുള്ള കുട്ടി അടക്കം രണ്ട് പേരെ ആക്രമിച്ചു. കാൻചനബുരി പ്രവിശ്യയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കളിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയുടെ മുന്നിലേക്ക് ചാടി വീണ പെൺ സിംഹം ആക്രമിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച 43കാരനും ആക്രമിക്കപ്പെട്ടു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഫ്ലുവൻസറുടെ വീട്ടിലെ ഒരു തൂണിലാണത്രെ സിംഹത്തെ കെട്ടിയിട്ടിരുന്നത്. സിംഹത്തെ ഉടമ തന്നെ ഒരു വയലിൽ നിന്ന് പിടികൂടി കൂട്ടിലാക്കി. പരിക്കേറ്റവർക്ക് ധനസഹായവും വാഗ്ദ്ധാനം ചെയ്തു. സിംഹത്തെ അലക്ഷ്യമായി വളർത്തിയ ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. തായ്‌ലൻഡിൽ സിംഹത്തെ വളർത്തുന്നത് നിയമാനുസൃതമാണ്.