വെജിറ്റേറിയൻ ഭക്ഷണം ചോദിച്ചപ്പോൾ നൽകിയത് മാംസാഹാരം, യാത്രക്കാരന്റെ മരണത്തിൽ ഖത്തർ എയർവേയ്സിനെതിരെ പരാതിയുമായി ബന്ധുക്കൾ
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വെജിറ്റേറിയൻ ഭക്ഷണം നിഷേധിച്ചതിനെത്തുടർന്ന് മാംസാഹാരം കഴിക്കേണ്ടിവന്ന യാത്രക്കാരൻ ശ്വാസംമുട്ടി മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. എൺപത്തഞ്ചുകാരനും കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റുമായിരുന്ന അശോക ജയവീരയുടെ ബന്ധുക്കളാണ് ഖത്തർ എയർവേയ്സിനെതിരെയാണ് പരാതി നൽകിയത്. 2023 ജൂലായിൽ ലോസാഞ്ചലസ്- കൊളംബോ വിമാനത്തിലാണ് സംഭവം .
തനിക്ക് വെജിറ്റേറിയൻ ഭക്ഷണം വേണമെന്ന് അശോക ജയവീര നേരത്തേ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ വിമാന കമ്പനി എതിർപ്പൊന്നും പറഞ്ഞില്ല. എന്നാൽ യാത്രയ്ക്കിടെ നോൺവെജ് ഭക്ഷണം വിളമ്പുകയായിരുന്നു. വെജിറ്റേറിയൻ ഭക്ഷണം തന്നെ വേണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ അത്തരം ഭക്ഷണം തങ്ങളുടെ വിമാനത്തിൽ ഇല്ലെന്നും മാംസാഹാരം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ആ ഭക്ഷണം കഴിക്കാനുള്ള ശ്രമത്തിനിടെ ജയവീരയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ബോധം പോവുകയും ചെയ്തു. തുടർന്ന് നില കൂടുതൽ വഷളായി ഒടുവിൽ മൂക്കാൽ മണിക്കൂർ കഴിഞ്ഞ് വിമാനം സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ ലാൻഡുചെയ്തശേഷമാണ് ജയവീരയെ ആശുപത്രയിൽ എത്തിക്കാൻ കഴിഞ്ഞത്. പക്ഷേ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഭക്ഷണമോ, പാനീയമോ മൂലമുള്ള അലർജികൊണ്ടുണ്ടാവുന്ന ശ്വാസകോശ അണുബാധയായ ആസ്പിറേഷൻ ന്യൂമോണിയ മൂലമാണ് ജയവീരയുടെ മരണമെന്നാണ് ബന്ധുക്കൾ പറയുന്നു. ഭക്ഷണസേവനങ്ങൾ, മെഡിക്കൽ പരിരക്ഷ എന്നിവ നൽകുന്നതിൽ വിമാനകമ്പനി പരാജയപ്പെട്ടെന്നും അതിന് വൻതുക നഷ്ടപരിഹാരം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടുണ്ട്. ജയവീരയ്ക്ക് ആരോഗ്യപ്രശ്നമുണ്ടായപ്പോൾ വിമാനം ആർട്ടിക്ക് സമുദ്രത്തിന് മുകളിലായിരുന്നു അതിനാൽ എമർജൻസി ലാൻഡിംഗിന് കഴിഞ്ഞില്ല എന്ന വാദത്തെയും ബന്ധുക്കൾ എതിർക്കുന്നു. പൈലറ്റിനുവേണമെങ്കിൽ എളുപ്പത്തിൽ വഴിതിരിച്ചുവിടാമായിരുന്നു എന്നും അവർ പരാതിയിൽ പറയുന്നുണ്ട്.