'ദാമ്പത്യത്തിൽ അഡ്ജസ്റ്റ്‌മെന്റല്ല അണ്ടർസ്റ്റാൻഡിംഗാണ് വേണ്ടത്, ഒരാൾ മാത്രം അണ്ടർസ്റ്റാൻഡിംഗ് ആയാൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്'

Thursday 09 October 2025 10:47 AM IST

വിവാഹം കഴിഞ്ഞാൽ നടിമാർ അഭിനയിക്കരുതെന്നത് മുമ്പൊക്കെ അലിഖിത നിയമങ്ങളായിരുന്നുവെന്ന് നടി നവ്യ നായർ. തങ്ങൾക്ക് മുമ്പുള്ളവർ അതാണ് ചെയ്തത്. അതുകൊണ്ട് തങ്ങളും പിന്തുടർന്ന ഒരു പാതയായിരുന്നു അതെന്ന് നവ്യ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

'കല്യാണം കഴിയുമ്പോൾ ഇനി അഭിനയിക്കലുണ്ടാകില്ലെന്ന് ഞാൻ തന്നെ എന്നെ മനസുകൊണ്ട് പഠിപ്പിച്ചിരുന്നു. പക്ഷേ അഭിമുഖത്തിലൊന്നും ആ രീതിയിൽ ഉത്തരം പറഞ്ഞിരുന്നില്ല. നല്ല കഥാപാത്രങ്ങൾ വന്നാൽ ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. കഥാപാത്രങ്ങൾ വന്നിട്ടൊന്നും അഭിനയിച്ചിട്ടില്ല. കല്യാണം കഴിഞ്ഞയുടൻ തന്നെ പ്രഗ്നൻസിയിൽ കുറേക്കാലം, അതുകഴിഞ്ഞ് കുട്ടിയെ നോക്കാൻ കുറേക്കാലം അങ്ങനെ പോയി. തിരിച്ചുവരുന്നതൊന്നും എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടായിരുന്നില്ല.

എനിക്ക് വേറൊന്നും ചെയ്യാനാകില്ലെന്ന് ഒരു മൊമന്റിൽ ഞാൻ തിരിച്ചറിഞ്ഞു. ഇനി എന്ത് ചെയ്യണമെന്ന് കൺഫ്യൂഷനായി. ആ സമയത്താണ് നൃത്തം ചെയ്യാൻ തുടങ്ങിയത്. ജീവിക്കാൻ വേണ്ടി, മുന്നിലേക്ക് പോകണമെങ്കിൽ അറിയാവുന്ന ജോലി ചെയ്യണം. പൂർണമായി ഇഷ്ടപ്പെട്ട സിനിമ മാത്രമേ ചെയ്യുകയുള്ളൂവെന്ന് അപ്പോഴേ തീരുമാനിച്ചിരുന്നു. കാരണം ഉപജീവനത്തിന് എനിക്ക് നൃത്തമുണ്ട്. ഈശ്വരന്റെ അനുഗ്രഹം കൊണ്ട് അങ്ങനെയൊരു കല എന്റെ കൈയിലുള്ളതുകൊണ്ടും, നടി എന്ന പേര് നിലനിന്നതുകൊണ്ടും, ഇപ്പോഴും എന്നെ കാണാൻ പ്രേക്ഷകർ എത്തുന്നതുകൊണ്ടും കൈനിറയെ പരിപാടികളുണ്ട്. അഭിനയത്തിനെ എനിക്ക് പാഷനായി മാറ്റിവയ്ക്കാം. അതിമോഹങ്ങൾ എനിക്കില്ല.'- നവ്യ നായർ പറഞ്ഞു.

വിവാഹ ജീവിതത്തിൽ അഡ്ജസ്റ്റ്‌മെന്റല്ല അണ്ടർസ്റ്റാൻഡിംഗാണ് വേണ്ടതെന്നും നവ്യ പറഞ്ഞു. 'കല്യാണം കഴിക്കുന്ന സമയത്തുള്ള അഭിമുഖങ്ങളിലെല്ലാം ഞാൻ പറഞ്ഞിരുന്നു, അഡ്ജസ്റ്റ്‌മെന്റല്ല, അണ്ടർസ്റ്റാൻഡാണ് പങ്കാളികൾക്കിടയിലുണ്ടാകേണ്ടത്. ആ പോയിന്റ് കറക്ടാണ്. പക്ഷേ അത് രണ്ടുപേരും വിചാരിക്കണം. ഒരാൾ മാത്രം അണ്ടർസ്റ്റാൻഡിംഗ് ആയാൽ ആ പ്രോസസ് മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്. മനുഷ്യരുടെ വളരെ അടിസ്ഥാനപരമായ അവകാശങ്ങളെക്കുറിച്ചൊന്നും ഞാൻ അന്ന് മനസിലാക്കിയിരുന്നില്ല. നടിയായിരുന്നു, ഇൻഡിപെൻഡന്റായ സ്ത്രീയായിരുന്നു, ഫേമസായ ആളായിരുന്നു. പക്ഷേ എനിക്ക് പലതും അറിയില്ലായിരുന്നു. ഒരുപാടുവർഷങ്ങളായി നമ്മൾ ശരിയെന്ന് വിശ്വസിക്കുന്ന ചില തെറ്റുകളുണ്ട് ജീവിതത്തിൽ. എല്ലാവരെയും പോലെ ആ തെറ്റുകൾ ശരിയാണെന്ന് ഞാൻ വിചാരിച്ചിരുന്നു. എന്നാൽ ജീവിതത്തിൽ ഓരോ അവസ്ഥയിലൂടെയും കടന്നുപോയപ്പോഴാണ് എവിടെയാണ് തെറ്റിപ്പോകുന്നതെന്ന് ആലോചിച്ചത്. ഞാൻ വർഷങ്ങളെടുത്തു ആലോചിക്കാൻ. ആ ആലോചനയിലാണ് പല കണ്ടെത്തലുകളിലും എത്തിയത്. അത് ശരിയാണോ എന്നെനിക്കറിയില്ല. എന്റെ ശരിയാണ്. വേറൊരാൾക്ക് ചിലപ്പോൾ തെറ്റായി തോന്നാം. അഞ്ച് വർഷം മുമ്പ് അഭിമുഖത്തിൽ സംസാരിക്കുന്ന ആളെപ്പോലാകില്ല ഇപ്പോൾ സംസാരിക്കുന്നത്.'- നടി വ്യക്തമാക്കി.