ട്രെയിനിൽ സീറ്റ് കിട്ടിയില്ല, കുട്ടികൾ ഉൾപ്പെടെയുള്ള സഹയാത്രക്കാരോട് യുവതി ചെയ്‌തത് കൊടുംക്രൂരത, വീഡിയോ

Thursday 09 October 2025 11:04 AM IST

കൊൽക്കത്ത: ട്രെയിൻ യാത്രയ്‌ക്കിടെ സീറ്റ് കിട്ടാനായി പെപ്പർ സ്‌പ്രേ ഉപയോഗിച്ച് യുവതി. സീൽഡയിലേക്ക് പോയ ഒരു ലോക്കൽ ട്രെയിനിന്റെ വനിതാ കമ്പാർട്ടുമെന്റിലാണ് സംഭവം. യുവതി പെപ്പർ സ്‌പ്രേയടിച്ചതോടെ യാത്രക്കാർക്കെല്ലാം ചുമയും ശ്വാസതടസവും അനുഭവപ്പെട്ടു. ഈ നാടകീയ സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പച്ച നിറത്തിലുള്ള കുർത്തി ധരിച്ച യുവതിയോട് മറ്റ് സ്‌ത്രീകൾ ആക്രോശിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കമ്പാർട്ട്‌മെന്റിൽ കുട്ടികളുൾപ്പെടെ ഉള്ളപ്പോൾ പെപ്പർ സ്‌പ്രേ ഉപയോഗിച്ചതിനെയാണ് ഇവർ ചോദ്യംചെയ്യുന്നത്. എന്നാൽ, പ്രതിസ്ഥാനത്ത് നിൽക്കുന്ന യുവതി ഇതിനൊന്നും മറുപടി പറയുന്നില്ല. തന്റെ ഭാഗത്ത് തെറ്റില്ലെന്ന രീതിയിലാണ് യുവതിയുടെ പെരുമാറ്റം.

യഥാർത്ഥത്തിൽ സംഭവിച്ചത്

പച്ച കുർത്തിയിട്ട യുവതിയും മറ്റൊരു സ്‌ത്രീയുമായി സീറ്റിന്റെ പേരിൽ തർക്കമുണ്ടായി. തനിക്ക് സീറ്റ് കിട്ടാതെവന്നതോടെയാണ് യുവതി ബാഗിലുണ്ടായിരുന്ന പെപ്പർ സ്‌പ്രേ ഉപയോഗിച്ചത്. ചുറ്റുമുണ്ടായിരുന്ന യാത്രക്കാർ ഇത് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ എല്ലാവരും ചുമയ്‌ക്കാൻ തുടങ്ങി. പലരുടെയും തൊണ്ടയും മൂക്കുമെല്ലാം പൊള്ളുന്നതുപോലെ അനുഭവപ്പെട്ടു. തടഞ്ഞുവച്ച് ചോദ്യംചെയ്‌ത യാത്രക്കാർ യുവതിയെ റെയിൽവേ പൊലീസിന് കൈമാറി. സ്‌ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തു. അന്വേഷണം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വയരക്ഷയ്‌ക്ക് ഉപയോഗിക്കേണ്ട വസ്‌തുവാണ് പെപ്പർ സ്‌പ്രേ. അത് സാധാരണക്കാർക്ക് നേരെ പ്രയോഗിച്ച യുവതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.