ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രശംസിച്ച് മോദി: നെതന്യാഹുവിന്റേത് ശക്തമായ നേതൃത്വമെന്നും പരാമർശം
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 20 ഇന സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുന്നതായി എക്സ് പോസ്റ്റിലൂടെ മോദി അറിയിച്ചു. ഇത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്നും മോദി വിശേഷിപ്പിച്ചു. ബന്ദികളുടെ മോചനവും മാനുഷിക സഹായവും ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം പകരും ഇത് ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഗാസയിൽ രണ്ട് വർഷമായി നീണ്ടു നിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ബന്ദികളെ മോചിപ്പിക്കാൻ ഇസ്രേയേലും ഹമാസും സമ്മതിച്ചതായി ട്രംപ് പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ് പ്രധാനമന്ത്രിയുടെ എക്സ് സന്ദേശം വന്നത്.
കരാർ നടപ്പിലായിക്കഴിഞ്ഞാൽ 72 മണിക്കൂറിനുള്ളിൽ ഇരുവിഭാഗവും ബന്ദികളെ കൈമാറും. ഏകദേശം 2000 പാലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയക്കും. കൈവശമുള്ള മുഴുവൻ ഇസ്രയേൽ ബന്ദികളെയും ഹമാസും മോചിപ്പിക്കും. സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇസ്രയേൽ തങ്ങളുടെ സൈനികരെ ഒരു നിശ്ചിത പ്രദേശത്ത് നിന്നും പിൻവലിക്കുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചു.
'അറബ്-മുസ്ലീം ലോകത്തിനും ഇസ്രയേലിന് ചുറ്റുമുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കൻ ഐക്യ നാടുകൾക്കും ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ചരിത്രപരമായ ഒരു കാര്യം സാദ്ധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള മദ്ധ്യസ്ഥർക്ക് നന്ദി പറയുന്നു' ട്രംപ് കൂട്ടിച്ചേർത്തു.
ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തി രണ്ട് വർഷം തികഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് കരാറിലേക്കെത്തുന്നത്. ഈജിപ്തിൽ നടന്ന പരോക്ഷ ചർച്ചകൾക്ക് ശേഷമാണ് ഇത് സാദ്ധ്യമായത്. ട്രംപ് തന്റെ മരുമകൻ ജാരെഡ് കുഷ്നറെയും പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിനെയുമാണ് ചർച്ചയ്ക്ക് അയച്ചത്. ഇസ്രയേലിനെ പ്രതിനിധീകരിച്ച് നെതന്യാഹുവിന്റെ അടുത്ത വിശ്വസ്തനും ഇസ്രയേലിന്റെ നയതന്ത്ര കാര്യ മന്ത്രിയുമായ റോൺ ഡെർമറും പങ്കെടുത്തു.