ഇനി കൊല്ലത്തേക്ക് സഞ്ചാരികൾ ഒഴുകിയെത്തും, ഈ നാട്ടുകാരുടെ തലവര മാറാൻ പോകുന്നു
കൊല്ലം: ശാസ്താംകോട്ടയിലെ ചേലൂർ കായൽ കേന്ദ്രമാക്കി വിനോദസഞ്ചാര വികസനം സാദ്ധ്യമാക്കാൻ പുത്തൻ പദ്ധതിയുമായി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്. ദേശാടന പക്ഷികളുടെ സ്ഥിരം സന്ദർശന ഇടമായ ചേലൂർ കായൽ സ്ഥിതി ചെയ്യുന്നത് ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്താണ്. സ്വാഭാവിക പ്രകൃതിഭംഗിയുള്ള ഇക്കോ ടൂറിസം സാദ്ധ്യതയുള്ള മേഖലയെ ടൂറിസം ഹബ്ബാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. സർക്കാരിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
രണ്ട് ഘട്ടങ്ങളായി അഞ്ചു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 96 ലക്ഷം രൂപയും ടൂറിസം വകുപ്പിന്റെ 50 ലക്ഷവും വകയിരുത്തിയാണ് അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, പുരവഞ്ചി, കയാക്കിംഗ് ഉൾപ്പടെയുള്ള വാട്ടർ സ്‌പോർട്സും ഒരുക്കും. സാഹസികവും വിജ്ഞാനപ്രദവും രസകരവുമായ കുട്ടികൾക്കായുള്ള പാടവും നിർമ്മിക്കും. സഞ്ചാരികൾക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മൺറോത്തുരുത്ത്, മൗണ്ട് ഹോറേബ് ആശ്രാമം, മയ്യത്തുംകര പള്ളി, തെക്കൻ മലയാറ്റൂർ പള്ളി, ചിറ്റുമല ക്ഷേത്രം തുടങ്ങി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമൊരുക്കും.
നിർമ്മാണം പരിസ്ഥിതിസൗഹൃദം
അഡ്മിൻ ബ്ലോക്ക്, നടപ്പാത, തടി കൊണ്ടുള്ള മേൽത്തട്ട് എന്നിവയ്ക്ക് അംഗീകാരം
അഡ്മിൽ ബ്ലോക്കിൽ ടിക്കറ്റ് കൗണ്ടർ, ഓഫീസ്, ടോയ്‌ലെറ്റ്, വിശ്രമസ്ഥലം, ലഘുഭക്ഷണശാല
ആദ്യഘട്ടത്തിൽ 200 മീറ്റർ നീളത്തിൽ നടപ്പാത
ഇരുവശങ്ങളിലും ചൈനീസ് മാതൃകയിൽ അലങ്കാര വിളക്കുകൾ
രണ്ടാംഘട്ടത്തിൽ കായലിനോട് ചേർന്ന് ഒരേസമയം 100 പേർക്ക് ഇരുന്ന് കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല
കായലിൽ നിന്ന് നേരിട്ട് മീൻപിടിച്ച് വിഭവങ്ങൾ പാചകം ചെയ്ത് നൽകും
പദ്ധതി തുക
₹ 5 കോടി
നിർമ്മാണ വിസ്തൃതി
478
ചതുരശ്ര മീറ്റർ
പദ്ധതിയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. നിർമ്മാണം ഉടൻ ആരംഭിക്കും.
ആർ.ഗീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്