മകളെ അണിയിച്ചൊരുക്കാൻ എത്തി നൃത്തം പഠിച്ചു; ഇന്ന് ഒരേവേദിയിൽ നൃത്തമാടി സുമയും ഇന്ദ്രജയും
കോട്ടയം : ശിവഗിരി ശാരദാസന്നിധിയിലെ നവരാത്രി മണ്ഡപത്തിൽ വർഷങ്ങളായി ഭരതനാട്യം അവതരിപ്പിച്ച് കാണികളുടെ മനം കവരുകയാണ് സുമ രമേശും മകൾ ഇന്ദ്രജയും. മൂന്നുവർഷം മുൻപ് ഇന്ദ്രജയായിരുന്നു ആദ്യം നവരാത്രി മണ്ഡപത്തിൽ ഭരതനാട്യം അവതരിപ്പിച്ചത്. അന്ന് അണിയിച്ചൊരുക്കാൻ എത്തിയ അമ്മയ്ക്കൊപ്പം ഇക്കഴിഞ്ഞ രണ്ട് തവണയും നവരാത്രി മണ്ഡപത്തിൽ ഇന്ദ്രജ ഭരതനാട്യം അവതരിപ്പിച്ചു.
എസ്.എൻ.ഡി.പി യോഗം തൃക്കോതമംഗലം ശാഖയിലെ അംഗ വീടുകളിൽ ഒന്നാണ് സുമ രമേശിന്റെ കുടുംബം. സുമ രമേശ് വിവിധ വേദികളിൽ കൈകൊട്ടിക്കളിയും നാടൻപാട്ടും അവതരിപ്പിച്ചിട്ടുണ്ട്. അദ്വൈത കലാസമിതിയുടെ സജീവ പ്രവർത്തകയുമാണ്. എന്നാൽ ഇവർ ഒന്നിച്ചുള്ള നൃത്തച്ചുവടുകൾ അരങ്ങിൽ വിസ്മയം സൃഷ്ടിക്കുന്നത് അപൂർവമാണ്.
തൃക്കോതമംഗലം ശാഖയുടെ വൈസ് പ്രസിഡന്റായും സെക്രട്ടറിയായും ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്നു സുമയുടെ പിതാവ് കളരിക്കൽ കെ.കെ പീതാംബരൻ. അമ്മ കമലമ്മ പീതാംബരൻ വനിതാസംഘത്തിന്റെ നേതൃസ്ഥാനം അലങ്കരിച്ചിരുന്നു. ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭയുടെയും മാതൃസഭയുടെയും ജില്ലാ കേന്ദ്രതല പ്രവർത്തകയും ആയിരുന്നു. സുമയുടെ ഭർത്താവ് രമേശൻ വാകത്താനം ഗ്രാമപഞ്ചായത്ത് അംഗമായും സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായും പ്രവർത്തിച്ചിരുന്നു.