സ്‌ത്രീകൾക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി; പുതിയ നയത്തിന് അംഗീകാരം നൽകി കർണാടക സർക്കാർ
ബംഗളൂരു: ആർത്തവ അവധി നയത്തിന് അംഗീകാരം നൽകി കർണാടക സർക്കാർ. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലും വ്യാവസായിക മേഖലയിലും ജോലി ചെയ്യുന്ന വനിതാ തൊഴിലാളികൾക്ക് എല്ലാ മാസവും ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി നൽകുന്നതിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ധ്യക്ഷനായി ഇന്നുനടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ഒരു വർഷമായി ആർത്തവ അവധിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. 'വിഷയത്തിൽ ധാരാളം എതിർപ്പുകൾ ഉണ്ടായിരുന്നു. വകുപ്പുകൾ തമ്മിലുള്ള കൂടിയാലോചനകൾ വേണ്ടിവന്നിരുന്നു. സ്ത്രീകൾ വളരെയധികം സമ്മർദ്ദമാണ് അനുഭവിക്കുന്നത്. അതിനാൽതന്നെ ഒരു ദിവസത്തെ അവധി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതൊരു പുരോഗമനപരമായ നടപടിയാണ്. സ്ത്രീകൾക്ക് മാസത്തിൽ ഒരു ദിവസം അവധി തിരഞ്ഞെടുക്കാം. എന്നാലിത് ദുരുപയോഗം ചെയ്യപ്പെടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമങ്ങളിൽ എന്തെങ്കിലും ചേർക്കപ്പെടേണ്ടതുണ്ടെങ്കിൽ, വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കും'- സന്തോഷ് ലാഡ് വ്യക്തമാക്കി.
30 ലക്ഷത്തോളം കോർപ്പറേറ്റ് തൊഴിലാളികൾ ഉൾപ്പെടെ 60 ലക്ഷത്തിലധികം സ്‌ത്രീകൾ സംസ്ഥാനത്ത് വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നുണ്ടെന്നാണ് കർണാടക സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ആർത്തവ അവധി പ്രാബല്യത്തിൽ വരുന്നതിന് മുൻപായി ബോധവത്കരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അധികാരികൾ അറിയിച്ചു. പുതിയ നയം പ്രഖ്യാപിച്ചതോടെ ആർത്തവ അവധി നൽകുന്ന ബീഹാർ, ഒഡീഷ സംസ്ഥാനങ്ങൾക്കൊപ്പം ഉൾപ്പെട്ടിരിക്കുകയാണ് കർണാടക.