സ്‌കൂളിൽ തീപിടിത്തം; കർണാടകയിൽ ഏഴ് വയസുകാരൻ പൊള്ളലേറ്റ് മരിച്ചു, 29പേരെ രക്ഷപ്പെടുത്തി

Thursday 09 October 2025 4:34 PM IST

മടിക്കേരി: സ്‌കൂളിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വയസുകാരൻ പൊള്ളലേറ്റ് മരിച്ചു. കർണാടകയിലെ കുടക് ജില്ലയിലെ കട്ടഗേരി ഹർ മന്ദിർ റെസിഡൻഷ്യൽ സ്‌കൂളിലാണ് അപകടം. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മടിക്കേരി ചെട്ടിമണി സ്വദേശി പുഷ്‌പക് ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. വിദ്യാർത്ഥികൾ ഉറങ്ങുന്നതിനിടെയാണ് റെസിഡൻഷ്യൽ സ്‌കൂളിന്റെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിച്ചുവെന്ന് മനസിലായതോടെ വിദ്യാർത്ഥികൾ പുറത്തേക്കോടി. ജീവനക്കാരും ഓടിയെത്തി 29 വിദ്യാർത്ഥികളെ രക്ഷിച്ചു. എന്നാൽ, ഇതിനിടെയാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയത്. തുടർന്ന് വീണ്ടും കെട്ടിടത്തിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ സമീപവാസികളും അഗ്നിരക്ഷാ സേനയും എത്തിയാണ് തീയണച്ചത്. അപകടവിവരമറിഞ്ഞ് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിൽ എത്തിയിരുന്നു. സംഭവത്തിൽ മടിക്കേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.