നായ്ക്കൾ പോരാഞ്ഞ് ദാ കുറുനരിയും

Friday 10 October 2025 12:38 AM IST

കോട്ടയം : തെരുവുനായ നാട് വിറപ്പിക്കുന്നതിനിടെ ഭീഷണിയായി കുറുനരിയും കളത്തിലിറങ്ങി. വനാതിർത്തികളിൽ കണ്ടിരുന്ന കുറുനരി നഗര പ്രദേശങ്ങളിലും ഇപ്പോൾ വ്യാപകമായി. കുറുനരിയുടെ കടിയേറ്റാലും പേ വിഷബാധയേൽക്കുമെന്നതാണ് ആശങ്ക. കുറുനരികളാണ് തെരുവുനായ്ക്കളിൽ പേവിഷം പകർത്തുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. മലയോരമേഖലകളിൽ കുറുനരിയുടെ ആക്രമണം പതിവാണ്. വളർത്തുമൃഗങ്ങളെ കടിക്കുന്നതിനൊപ്പം കോഴികളടക്കമുള്ളവയെ കൊല്ലുന്നതും പതിവായി. ഇപ്പോൾ മനുഷ്യരുടെ നേരെയും തിരിയുകയാണ്.

കാടുകൾ, ഓടകൾ എന്നിവിടങ്ങളാണ് വിഹാര കേന്ദ്രം. മാലിന്യമാണ് ഭക്ഷണം. പാമ്പാടി, വാഴൂർ, കറുകച്ചാൽ മണിമല, മുണ്ടക്കയം, കോരുത്തോട് പൂഞ്ഞാർ എന്നിവിടങ്ങിളിലെല്ലാം കുറുനരിയുടെ വിഹാര കേന്ദ്രമാണ്. ഇവിടങ്ങളിലെല്ലാം കുറുനരിയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലും കുറുനരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

വന്ധ്യംകരിക്കാൻ പറ്റില്ല

നായ്ക്കളേക്കാൾ അക്രമകാരികളായ കുറുനരികളെ പിടികൂടി വന്ധ്യംകരിക്കാൻ നിയമവുമില്ല. കാട്ടുമൃഗമായതിനാലാണിത്. വളർത്തു മൃഗങ്ങളിലേയ്ക്ക് പേവിഷം വ്യാപിക്കുന്നതിലും കുറുനരിക്ക് പങ്കുണ്ട്.

നാട്ടിൽ അനുകൂല സാഹചര്യം

 കുറുനരിയെ ആകർഷിക്കുന്നത് കാടുകയറിയ ഇടങ്ങൾ

ആൾപ്പെരുമാറ്റവുമില്ലാതെ കിടക്കുന്ന റബർത്തോട്ടങ്ങളിൽ കൂടുതൽ

റോഡിലും ആളൊഴിഞ്ഞ പറമ്പുകളിലും തള്ളുന്ന മാലിന്യങ്ങൾ ഭക്ഷണം

ഭക്ഷണം കിട്ടാതാവുന്നതോടെ പ്രകോപിതരായി ആളുകളെ കടിക്കുന്നു

രണ്ട് ലക്ഷം വരെ നഷ്ടപരിഹാരം

കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റാൽ രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം.

''വനമേഖലയോട് ചേർന്ന് കാടുകയറി കിടക്കുന്ന പറമ്പുകൾ വെട്ടിത്തെളിച്ചാൽ കുറുനരിയ്ക്ക് തങ്ങാനുള്ള ഇടമില്ലാതാകും.

അധികൃതർ