പത്താം ക്ലാസുകാരിയുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ്,​ അഞ്ചു പേർ പീ‌‌ഡിപ്പിച്ചത് വിവിധ സ്ഥലങ്ങളിൽ പല സമയത്തെന്ന് പെൺകുട്ടി

Thursday 09 October 2025 8:03 PM IST

കോഴിക്കോട്: നാദാപുരത്ത് പത്താംക്ലാസുകാരിയെ അഞ്ചു പേർ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച പ്രതികൾ പിന്നീട് പലഘട്ടങ്ങളിലായാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് മൊഴി. സംഭവത്തിൽ ഏറാമല പുത്തലത്ത് താഴെകുനി ആദിത്യൻ (19)​,​ വള്ള്യാട് പാറേമ്മൽ ആദിത്യൻ (19)​,​ കോട്ടപ്പള്ളി മഠത്തിൽ സായൂജ് (19)​,​ ആയഞ്ചേരി കൊട്ടോങ്ങിയിൽ സായൂജ് (20)​,​ ആയഞ്ചേരി തയ്യിൽ അനുനന്ദ് (18)​ എന്നിവരാണ് അറസ്റ്രിലായത്. വിവിധ സ്ഥലങ്ങളിൽ പല ഘട്ടങ്ങളിലായി വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇതുപ്രകാരം അഞ്ച് എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഇക്കാര്യം കൗൺസലിംഗ് നടത്തിയ ആൾ അറിയിച്ചതനുസരിച്ച് വടകര പൊലീസിനെ ഹെഡ് മാസ്റ്റർ ധരിപ്പിക്കുകയായിരുന്നു. പീഡനം ഉണ്ടായത് നാദാപുരം സ്റ്റേഷന്റെ പരിധിയിൽ ആയതിനാൽ വടകര പൊലീസിൽ നിന്ന് നാദാപുരം പൊലീസിലേക്ക് കേസ് കൈമാറി. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. പൊലീസ് ഇൻസ്പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.