ചിക്കൻപോക്സ് വ്യാപനത്തിൽ ജാഗ്രത വേണം

Friday 10 October 2025 2:16 AM IST

വർക്കല: ചിക്കൻപോക്സ് രോഗബാധിതരായവർ വർക്കലയിലും സമീപ പഞ്ചായത്ത് പരിധികളിലും വർദ്ധിക്കുന്നു. എന്നാൽ മുൻവർഷങ്ങളിലേക്കാൾ രോഗബാധിതരുടെ എണ്ണം ഈ വർഷം കുറവാണെന്നും ആരോഗ്യകേന്ദ്രങ്ങൾ പറയുന്നു. വിശപ്പില്ലായ്മ, പേശിവേദന, ജ്വരം, തലവേദന, ക്ഷീണം എന്നിവയാണ് വിദ്യാർത്ഥികളിലും കൗമാരക്കാരിലും മുതിർന്നവരിലും കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ. കുട്ടികളിൽ സാധാരണയായി പ്രോഡ്രോമൽ രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. തൊലിപ്പുറത്ത് ചെറിയ കുമിളകളായാണ് അസുഖം കാണപ്പെടുന്നത്. ഈ ഘട്ടത്തിൽ സാധാരണയായി തീവ്രമായ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ചിക്കൻപോക്സിന്റെ ഈ ലക്ഷണങ്ങൾ പകർച്ചവ്യാധിയായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിന് 10 മുതൽ 21 ദിവസം വരെ പ്രത്യക്ഷപ്പെടുന്നു. ചിക്കൻപോക്സ് സാധാരണയായി ജീവന് ഭീഷണിയാകുന്നില്ലെങ്കിലും ന്യുമോണിയ പോലുള്ള സങ്കീർണതകൾ അനുഭവപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ശാസ്ത്രീയ അറിവും വാക്സിനേഷനും പ്രതിരോധമെന്നപോലെ സമൂഹമെന്ന നിലയിൽ ജാഗ്രതയും സഹകരണവുമാണ് രോഗവ്യാപനത്തെ തടയാനുള്ള പ്രധാന മാർഗം.

നിയോനാറ്റൽ ഹെർപ്പസ് സിംപ്ലക്സ്

നവജാതശിശുക്കളെ ബാധിക്കുന്ന ഗുരുതരമായ വൈറൽ അണുബാധയാണ് നിയോനാറ്റൽ ഹെർപ്പസ് സിംപ്ലക്സ്. ഗർഭാവസ്ഥയുടെ അവസാനത്തിലോ ജനനത്തിന് തൊട്ടുപിന്നാലെയോ ഉണ്ടാകുന്ന അണുബാധയാണിത്. പ്രസവത്തിന് 7 ദിവസം മുമ്പും ജനനശേഷം 8 ദിവസം വരെയും അണുബാധയ്ക്ക് വിധേയമായതിനുശേഷം കുഞ്ഞിന് രോഗം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അമ്മയ്ക്ക് രോഗപ്രതിരോധശേഷിയുണ്ടെങ്കിൽ ഇതത്ര പ്രധാനമല്ല. ലക്ഷണങ്ങൾ വികസിപ്പിക്കുന്ന നവജാതശിശുക്കൾക്ക് ന്യുമോണിയയും രോഗത്തിന്റെ മറ്റ് ഗുരുതര സങ്കീർണതകളും ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്.

മുൻകരുതലുകൾ

ഹെർപ്പസ് വൈറസ് ഇനത്തിൽപ്പെട്ട വാരിസെല്ല സോസ്റ്റർ വൈറസാണ് രോഗബാധയ്ക്ക് കാരണമായിട്ടുള്ളത്. വിശ്രമം, തൊലിപ്പുറത്തെ കുമിളകൾ പൊട്ടി പൂർണമായും ഉണങ്ങുന്നതുവരെ സ്കൂളിലേക്കോ ജോലിസ്ഥലത്തേക്കോ പോകാതിരിക്കുക എന്നീ മുൻകരുതലുകൾ അസുഖബാധിതർ സ്വീകരിക്കണം.രോഗിയുമായി സമ്പർക്കം പുലർത്തിയവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്സിനേഷൻ സ്വീകരിക്കുക എന്നതും അനിവാര്യമാണ്.

ശ്രദ്ധിക്കാം

രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക

 വ്യക്തിഗതശുചിത്വം പാലിക്കുക

പ്രതിരോധ മാർഗങ്ങൾ

ശാസ്ത്രീയമായ പ്രതിരോധം സാദ്ധ്യമാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം വാരിസെല്ല വാക്സിനാണ്. ഈ വാക്സിൻ 12 മാസം പ്രായം കഴിഞ്ഞ കുട്ടികൾക്കും മുൻപ് രോഗബാധയില്ലാത്ത മുതിർന്നവർക്കും ആരോഗ്യകേന്ദ്രങ്ങൾ വഴി നൽകിവരുന്നുണ്ട്.