ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം, കാന്റീനിലെ പണം കവർന്നു

Friday 10 October 2025 1:38 AM IST

ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ മോഷണ ശ്രമവും കാന്റീനിൽ മോഷണവും നടന്നു. കാന്റീനിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5700 രൂപ കവർന്നു. ഓഫീസുകളിലെ അലമാരകൾ തുറന്ന നിലയിലാണ്. പ്രധാന ഓഫീസിലെ വാതിലിന്റെ താഴ് പൊളിച്ച് കടന്ന മോഷ്ടാവ് മറ്റു മുറികളിലെ താക്കോൽ കൈക്കലാക്കി. തുടർന്ന് പല ഓഫീസുകളും താക്കോൽ ഉപയോഗിച്ചാണ് തുറന്നത്. പ്രസിഡന്റിന്റെ മുറി തുറന്ന ശേഷം സി.സി.ടി.വി ക്യാമറകൾ വിച്ഛേദിക്കുകയും ചെയ്തു. ക്യാമറയുടെ ഹാർഡ് ഡിസ്‌ക്കും കാണാതായിട്ടുണ്ട്. തുറന്ന മുറികളും അലമാരകളും പൂട്ടിയ ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടാഴ്ച മുൻപ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ കോമ്പൗണ്ടിൽ കിടന്ന വാഹനത്തിന്റെ ബാറ്ററി ഊരിക്കൊണ്ടു പോകാൻ ശ്രമിച്ചയാളെ കൈയോടെ പിടികൂടിയിരുന്നു. അവധി ദിവസം പകൽ നേരത്തായിരുന്നു മോഷണ ശ്രമം. പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ പൊലീസിൽ ഇത് സംബന്ധിച്ച് മൊഴി നൽകി.