ജില്ലാ ക്ഷീരസംഗമം സമാപനം 13ന്
പയ്യന്നൂർ:ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ വെള്ളൂർ ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ല ക്ഷീരസംഗമത്തിന്റെ സമാപന സമ്മേളനം 12,13 തിയ്യതികളിൽ വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. 12ന് രാവിലെ 9 മുതൽ ശിൽപശാല, സെയറി എക്സ്പോ തുടങ്ങിയ പരിപാടികൾക്ക് ശേഷം വൈകീട്ട് 5ന് നടക്കുന്ന സാംസ്കാരിക സായാഹ്നവും കലാസന്ധ്യയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 8.30ന് ക്ഷീര വികസനസെമിനാർ നടക്കും. 11.30ന് നടക്കുന്ന പൊതുസമ്മേളനം ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മികച്ച ക്ഷീര കർഷകരെ അഡ്വ.സജീവ് ജോസഫ് എം.എൽ.എയും കൂടുതൽ പാൽ സംഭരിച്ച ക്ഷീര സംഘങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരിയും ആദരിക്കും. വിളംബര ജാഥ ഇന്ന് വൈകീട്ട് 4ന് വെള്ളൂർ സ്കൂൾ സ്റ്റോപ്പ് പരിസരത്ത് നിന്ന് ആരംഭിക്കും.