പാർട്ട് ടൈം ജോലിയുടെ പേരിൽ പണം തട്ടിയ പ്രതികൾ അറസ്റ്റിൽ
ആലപ്പുഴ: വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി ചെയ്ത് വരുമാനം നേടാമെന്ന പരസ്യം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയച്ചുനൽകി കുറത്തികാട് സ്വദേശിനിയിൽ നിന്ന്
പണം തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. കായംകുളം പടിപ്പുരക്കൽ വീട്ടിൽ ആദിൽമോൻ (21), കായംകുളം എരുവ വീട്ടിൽ സെയ്താലി (22), ക്ലാപ്പനപ്പുരയിടം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുഹ്‌സിൻ (28), പത്തിയൂർ പട്ടേത്ത് വീട്ടിൽ ആരോമൽ (22) എന്നിവരേയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ശേഷം പരസ്യം അയച്ചുനൽകുകയും വാട്സാപ് നമ്പർ വാങ്ങി ജോലിയെപ്പറ്റിയും വരുമാനത്തെപ്പറ്റിയും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ടെലിഗ്രാമിൽ ജോയിൻ ചെയ്യിപ്പിച്ച് വിവിധ ജോലികൾ നൽകിയും ലാഭവിഹിതം നൽകാമെന്നും വിശ്വസിപ്പിച്ചും പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി 178000 രൂപ വാങ്ങിയെടുത്തു. പ്രതികൾ സമാന രീതിയിൽ പലരിൽ നിന്ന് പണം തട്ടിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിലേക്കാണ് യുവതി പണം അയച്ചത്. മൂന്നും നാലും പ്രതികൾ കായംകുളത്തെ വിവിധ മേഖലകളിൽ നിന്ന് ആളുകളെ സ്വാധീനിച്ച് അക്കൗണ്ടുകൾ വാങ്ങി ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കൈമാറുന്നവരാണെന്നാണ് വിവരം. കേസിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.