ഇരട്ട വേഷത്തിൽ മോഹൻലാൽ,​ വൃഷഭ നവംബർ 6ന്

Friday 10 October 2025 6:39 AM IST

മോഹൻലാൽ നായകനായി തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച പാൻ ഇന്ത്യൻ ചിത്രം വൃഷഭ നവംബർ 6ന് തിയേറ്രറിൽ. റിലീസ് തീയതി പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ പുറത്തിറങ്ങി. നന്ദകിഷോർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ആക്ഷൻ ഡ്രാമയായ വൃഷഭയിൽ മോഹൻലാൽ വൃഷഭ, വിശ്വംഭര എന്നീ ഇരട്ടവേഷങ്ങളാണവതരിപ്പിക്കുന്നതെന്നാണ് വിവരം. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. തെലുങ്ക് നടൻ റോഷൻ മെകയാണ് മകന്റെ വേഷം അവതരിപ്പിക്കുന്നത്. സമർജിത്ത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, സിമ്രാൻ , നേഹ സക്സേന, രാമചന്ദ്ര രാജു തുടങ്ങിയവരും വേഷമിടുന്നുണ്ട്. കന്നട,​ ഹിന്ദി,​ ഇംഗ്ളീഷ് ഭാഷയിലും റിലീസ് ചെയ്യും.

എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്റ, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്‌ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതൂർ എന്നിവർ ചേർന്നാണ് നി‌ർമ്മാണം. .ഛായാഗ്രഹണം ആന്റണി സാംസൺ,​ സംഗീതം സാം സി.എസ്,​ ആക്ഷൻ പീറ്റർ ഹെയ്ൻ,​ സ്റ്രണ്ട് സിൽവ,​ നിഖിൽ,​ പി.ആർ. ഒ ശബരി.