നിന്നു കത്തി കെട്ടിടസമുച്ചയം ആധി തിന്ന് മണിക്കൂറുകൾ തളിപ്പറമ്പ് നഗരത്തിലെ വൻ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം

Thursday 09 October 2025 9:46 PM IST

തളിപ്പറമ്പ്: ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വൻ തീപിടിത്തം തളിപ്പറമ്പ് നഗരത്തെ അക്ഷരാത്ഥത്തിൽ ഭീതിയിലാഴ്ത്തി.

വൈകീട്ട് നാലരയോടെയാണ് ദേശീയ പാതയ്ക്ക് സമീപം ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കെ.വി കോംപ്ലക്സിൽ തീപിടിത്തം ഉണ്ടായത്.ഏകദേശം പത്തുകോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ നഷ്ടം ഇതിലും വർദ്ധിക്കുമെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.

അറുപതിലേറെ കടകൾ പ്രവർത്തിക്കുന്ന ഇവിടെ പത്ത് കടകൾ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരമെങ്കിലും സമീപത്തെ ട്രാൻസ്‌ഫോമറിൽ നിന്നും ചെരുപ്പ് കടയിലേക്ക് തീപ്പൊരി തെറിച്ചതിന് പിന്നാലെയാണ് തീ ആളിപ്പടർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ ട്രാൻസ്ഫോർമറും തീപിടിത്തത്തിൽ നശിച്ചു. തീ പിടിത്തം തുടങ്ങുമ്പോൾ തന്നെ വ്യാപാരികളും മറ്റും ഇടപെട്ട് സമീപത്തെ കടകളിൽ നിന്നും പ്രദേശത്തു നിന്നും ആൾക്കാരെ ഒഴിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ തളിപ്പറമ്പിലെ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും കടകളുടെ ഉള്ളിൽ പടർന്നുപിടിച്ച തീ നിയന്ത്രിക്കാനായില്ല. പിന്നാലെ കണ്ണൂർ, പയ്യന്നൂർ, പെരിങ്ങോ,മട്ടന്നൂർ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ തുടങ്ങിയിടങ്ങളിൽ നിന്നും 12 യൂണിറ്റ് ഫയർ യൂണിറ്റുകൾ കൂടി സ്ഥലത്തെത്തി. എയർ പോർട്ടിൽ നിന്നുള്ള അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഫയർ എൻജിനും കൂടി എത്തിയതോടെയാണ് തീ നിയന്ത്രിക്കാനായത്. നഗരത്തിലെ കുടിവെള്ള ടാങ്കറുകളും രക്ഷപ്രവർത്തനത്തിൽ പങ്ക് ചേർന്നു. മൊബൈൽ ഷോപ്പുകൾ, തുണിക്കടകൾ, ചെരുപ്പ് കടകൾ, പച്ചക്കറി കടകൾ,സ്റ്റീൽ പാത്രകടകൾ എന്നിവ അതിനകം അഗ്നിക്കിരയായിരുന്നു .

രാത്രി ഒൻപതോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴും ചെറിയ തോതിൽ കടകളുടെ ഉൾവശത്ത് തീ കത്തുന്നതിനാൽ ഫയർ ഫോഴ്സ് സ്ഥലത്ത് തുടരുകയാണ്.

ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

തീ പിടിച്ചതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. വാഹനങ്ങൾ തൃച്ചംബരം വഴിയും മറ്റ് പ്രാദേശിക വഴികളിലൂടെയും തിരിച്ചു വിട്ടു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ റോഡിലും സമീപത്തുമായി ഉണ്ടായിരുന്നു. നഗരത്തിൽ പൂർണമായു വൈദ്യുതി നിലച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റൂറൽ പൊലീസ് മേധാവിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ഫയർ ഫോഴ്സിനും ആദ്യം കടക്കാനായില്ല

അപകടം നടന്നിട്ട് മൂന്ന് മണിക്കൂറിനു ശേഷവും ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് തീ പടർന്നുകൊണ്ടിരുന്ന ഒരു ഭാഗത്തേക്ക് കടക്കാൻ കഴിയാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കടകളും സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചത്. ഇതാണ് അകത്തേക്ക് കടക്കാൻ കഴിയാതിരിക്കാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്. ഫയർ ഫോഴ്സ് യുണിറ്റുകൾ സ്ഥലത്തെത്താൻ വൈകിയെന്ന ആരോപണവും ഇതിനിടയിൽ ഉയർന്നു.

അപകട കാരണം കൃത്യമായി പരിശോധിച്ചുവരികയാണ്.രക്ഷപ്രവർത്തനം കൃത്യമായി നടക്കുന്നുണ്ട്. ബാക്കി വിവരങ്ങൾ അടുത്ത ദിവസം മാത്രമേ പറയാൻ കഴിയു-അരുൺ.കെ. വിജയൻ ജില്ലാ കളക്ടർ