പി.എസ്.സി ഹൈടെക് കോപ്പിയടി: തെളിവെടുപ്പിന് ശേഷം പ്രതികളെ ജയിലിൽ എത്തിച്ചു

Thursday 09 October 2025 10:06 PM IST

കണ്ണൂർ: വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പി.എസ്.സി പരീക്ഷ ഹൈടെക് കോപ്പിയടി കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലെത്തിച്ചു.ചൊവ്വാഴ്ച്ചയാണ് പെരളശ്ശേരി സ്വദേശികളായ എൻ.പി മുഹമ്മദ് സാദ് (25), എ.സബീൽ (23) എന്നീ പ്രതികളെ കോടതി, പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണോദ്യോഗസ്ഥനായ എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വിശദമായ ചോദ്യം ചെയ്തു. ഇന്നലെ ഹൈടെക് തട്ടിപ്പുമായി പരീക്ഷയെഴുതാനെത്തിയ പയ്യാമ്പലം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പ്രതികളുടെ പെരളശേരിയിലെ വീടുകളിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. കേസിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേർന്നിട്ടുള്ളത് . സെപ്റ്റംബർ 27നു നടന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയിലേക്കുള്ള പരീക്ഷയ്ക്കിടെയാണ് മുഹമ്മദ് മുഹമ്മദ് സാദ് പിടിയിലായത്. പരീക്ഷയ്ക്കിടെ ബട്ടൺ ക്യാമറ വഴി ചോദ്യക്കടലാസ് പകർത്തി സബീലിന് അയച്ചുകൊടുക്കുമ്പോഴാണു സാദിനെ ജില്ലാ പി.എസ്.സി ഓഫിസർ ഷാജി കച്ചുമ്പ്രന്റെ നേതൃത്വത്തിൽ പിടികൂടിയത്. തൊട്ടടുത്ത ദിവസം തന്നെ കൂട്ടാളി സബീലിനെയും പിടികൂടിയിരുന്നു.