ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടം ഒരുമാസത്തിനുള്ളിൽ തുറക്കണം
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടം ഒരുമാസത്തിനകം നവീകരണം പൂർത്തിയാക്കി തുറക്കണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് നിർദ്ദേശം നൽകി . നവംബർ 13നകം പ്രധാനകവാടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കണം.
പി.എം ഗതിശക്തിയുടെ കീഴിലുള്ള ആലപ്പുഴ സ്റ്റേഷനിലെ നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പുതിയ കവാടത്തിൽ യാത്രക്കാർക്കായി ഒരുക്കുന്ന റാമ്പും ഡിസ്‌പ്ലേ ബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എങ്ങനെ വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അദ്ദേഹം വിശദീകരിച്ചു. നിലവിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലാണ്. ആറുമാസം സമയം നീട്ടി നൽകിയിട്ടും ടിക്കറ്റിംഗ് സൗകര്യം പോലും ആരംഭിക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കെ.സി.വേണുഗോപാൽ എം.പി കണ്ടതിനെ തുടർന്നാണ് ജനറൽ മാനേജർ സന്ദർശനം നടത്തിയത്.