ശ്വാസകോശത്തിൽ കുടുങ്ങിയ താക്കോൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Friday 10 October 2025 2:24 AM IST

അമ്പലപ്പുഴ: 77കാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ താക്കോൽ 2മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ. ഹരിപ്പാട് അകംകുടി പൈങ്ങാനിൽ ലക്ഷ്മി ഭവനത്തിൽ ചെല്ലപ്പൻ പിള്ളയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടുദിവസം മുമ്പാണ് ശ്വാസം മുട്ടലും കൈവേദനയുമായി ചെല്ലപ്പൻ പിള്ളയെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

എക്സ്റേ പരിശോധനയിൽ ശ്വാസകോശത്തിൽ താക്കോൽ തങ്ങിനിൽക്കുന്നത് വ്യക്തമായി. തുടർന്ന് ബുധനാഴ്ച കാർഡിയോ വാസ്കുലർ എച്ച്.ഒ.ഡി ഡോ.ഷെഫീഖ്, സർജൻ ഡോ.ആനന്ദക്കുട്ടൻ, ആശുപത്രി സൂപ്രണ്ടും അനസ്തേഷ്യ വിഭാഗം പ്രൊഫസറുമായ ഡോ.എ.ഹരികുമാർ ,ഡോ.വിമൽ പ്രദീപ്, ഡോ.ജോഗി ജോർജ് എന്നിവരടങ്ങിയ ഡോക്ടർമാരുടെ സംഘം രണ്ടു മണിക്കൂർ നീണ്ട ബ്രത്ത് ബ്രോൻകോസ്കോപ്പി ശസ്ത്രക്രിയയിലൂടെ താക്കോൽ പുറത്തെടുത്തു. ചെറിയ രീതിയിൽ മാനസിക ബുദ്ധിമുട്ട് നേരിടുന്ന ചെല്ലപ്പൻ പിള്ള വീട്ടിലെ അലമാരയുടെ താക്കോൽ അറിയാതെ വിഴുങ്ങുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ പറഞ്ഞു.