വികസന സദസിൽ സി.പി.ഐയ്ക്ക് അവഗണന, ചടങ്ങ് ബഹിഷ്‌കരിച്ച് കൗൺസിലർമാർ
തൃശൂർ: അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കോർപറേഷൻ സംഘടിപ്പിക്കുന്ന വികസന സദസിലെ നോട്ടീസിൽ പാർട്ടി ജില്ലാ സെക്രട്ടറിയുടെ പേര് ചേർക്കാത്തതിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണന്റെ ഫോട്ടോ വയ്ക്കാത്തതിലും പ്രതിഷേധിച്ച് സി.പി.ഐ കൗൺസിലർമാർ ഇറങ്ങിപ്പോയി. സംഭവം വിവാദമായതോടെ ഇന്നലെ തന്നെ പുതിയ നോട്ടീസ് പുറത്തിറക്കി. ടൗൺഹാളിൽ ആരംഭിച്ച പ്രദർശനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ നിന്നാണ് കോർപറേഷൻ നികുതി അപ്പീൽകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയും വികസന സദസ് പ്രോഗ്രാം കമ്മിറ്റി ചെയർപഴ്‌സനും കൂടിയായ സാറാമ്മ റോബ്‌സൺ ഇറങ്ങിപ്പോയത്. മറ്റു ഘടക കക്ഷികളുടെ പേരുകൾ നോട്ടീസിലുണ്ട്. മറ്റു സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുടെ ചിത്രങ്ങൾ നോട്ടീസിൽ ചേർത്തപ്പോൾ സാറാമ്മ റോബ്‌സന്റെ ചിത്രം ഒഴിവാക്കി. സി.പി.എം ജില്ലാ സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് തുടങ്ങി എല്ലാവരുടെയും പേരുകകളും ചേർത്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മേയർ എം.കെ.വർഗീസ് ആണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മറ്റ് മൂന്ന് സി.പി.ഐ കൗൺസിലർമാരും വിട്ടുനിന്നു. ഇന്നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ആണ് വികസന സദസ് ഉദ്ഘാടനം ചെയ്യുന്നത്.
നേതൃത്വത്തെ അറിയിച്ച് അനുമതി ലഭിച്ച ശേഷമാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇന്നലെ വൈകിട്ട് വീണ്ടും പുതിയ നോട്ടീസ് ഇറക്കിയെങ്കിലും പാർട്ടി തീരുമാനം അനുസരിച്ചേ പങ്കെടുക്കൂ. ( സാറാമ്മ റോബ്‌സൺ, സി.പി.ഐ)